CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 24 Seconds Ago
Breaking Now

ബ്രിട്ടനിലെ ദൗര്‍ഭാഗ്യവതി! 178 മില്ല്യണ്‍ പൗണ്ട് യൂറോമില്ല്യണ്‍സ് ജാക്ക്‌പോട്ട് നഷ്ടമായത് ഓരോ നമ്പറിലും ഒരക്കം വ്യത്യാസത്തില്‍; ഇങ്ങനൊരു അവസ്ഥ നേരിട്ടാല്‍ നിങ്ങള്‍ തലകറങ്ങി വീണില്ലെങ്കിലേ അത്ഭുതമുള്ളൂ! ജീവിതത്തില്‍ ഭാഗ്യമില്ലെന്ന് പരാതി പറയുന്നവര്‍ വായിച്ചറിയുക

ഏറ്റവും ഉന്നതമായ വിജയം കരസ്ഥമാക്കുമായിരുന്ന അവസ്ഥയില്‍ നിന്നാണ് ഒരക്കത്തിന്റെ വ്യത്യാസത്തില്‍ പൂജ്യം പൗണ്ടില്‍ ചെന്നുകലാശിച്ചത്

ജീവിതത്തില്‍ യാതൊരു ഭാഗ്യവുമില്ലെന്ന് എപ്പോഴും പരാതി പറയുന്നവരാണോ നിങ്ങള്‍? എങ്കില്‍ 19-കാരി ടെയ്‌ലാ ഒക്ടേവിന്റെ ഈ അനുഭവം വായിക്കൂ. ദൗര്‍ഭാഗ്യം ഒരൊറ്റ നമ്പര്‍ അകലെ കളിച്ചപ്പോള്‍ ഒക്ടേവിന് നഷ്ടമായത് ഒന്നും, രണ്ടും പൗണ്ടല്ല, 178 മില്ല്യണ്‍ പൗണ്ടാണ്! 

വിജയിച്ച ഏഴ് ബോളുകളില്‍ നിന്നും എല്ലാ നമ്പറും ഒരക്കം മാറി നിന്നപ്പോഴാണ് യൂറോമില്ല്യണ്‍ ജാക്ക്‌പോട്ട് ഈ 19-കാരിയുടെ കപ്പിനും, ചുണ്ടിനും ഇടയിലൂടെ വഴുതിപ്പോയത്. ഇതോടെ ബ്രിട്ടനിലെ ദൗര്‍ഭാഗ്യവതിയായാണ് ഇവരെ വാഴ്ത്തുന്നത്. വെള്ളിയാഴ്ച നടന്ന മെഗാ ഡ്രോയുടെ ഫലം പരിശോധിച്ച ഒക്ടേവിന് തന്റെ നഷ്ടം അവിശ്വസനീയമായി തോന്നി. 

ഏറ്റവും ഉന്നതമായ വിജയം കരസ്ഥമാക്കുമായിരുന്ന അവസ്ഥയില്‍ നിന്നാണ് ഒരക്കത്തിന്റെ വ്യത്യാസത്തില്‍ പൂജ്യം പൗണ്ടില്‍ ചെന്നുകലാശിച്ചത്. മാര്‍ക്കറ്റിംഗ് അപ്രന്റീസായ ഒക്ടേവ 5, 13, 24, 45, 49 എന്നീ നമ്പറുകളും, ലക്കി സ്റ്റാറായി 6, 11 എന്നിവയും തെരഞ്ഞെടുത്തു. എന്നാല്‍ ലക്കി ഡ്രോയില്‍ വിജയിച്ചത് 4, 12, 25, 46, 48, 7, 12 എന്നീ നമ്പറുകളാണ്. 

'ഞാന്‍ ആകെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ലോട്ടറി തൊട്ടടുത്ത് വെച്ച് നഷ്ടമാകുന്നത് ഹൃദയം തകര്‍ക്കുന്നതാണ്. ആദ്യം വിജയിച്ചില്ലെന്ന് മാത്രമാണ് ശ്രദ്ധിച്ചത്. പിന്നീടാണ് ഓരോ നമ്പറും ഒരക്കം വ്യത്യാസത്തിലാണ് വഴുതിപ്പോയതെന്ന് ശ്രദ്ധിച്ചത്. ഇത്രയും തുക കൈയിലെത്തിയാല്‍ ജീവിതം തന്നെ മാറിമറിയും. ഇതൊക്കെ വെച്ച് എന്തെല്ലാം ചെയ്യാമായിരുന്നുവെന്നാണ് ചിന്തിച്ച് പോയത്', ഒക്ടേവ സണ്‍ പത്രത്തോട് പ്രതികരിച്ചു. 

വെള്ളിയാഴ്ചത്തെ സമ്മാനം മറ്റാരും വിജയിച്ചിട്ടില്ല. ഇതോടെ ചൊവ്വാഴ്ച രാത്രി 180 മില്ല്യണ്‍ പൗണ്ട് സമ്മാനത്തുകയാണ് പുതിയ വിജയിയെ കാത്തിരിക്കുന്നത്. സൗത്ത് ഈസ്റ്റ് ലണ്ടനില്‍ മൂന്ന് സഹോദരിമാര്‍ക്കും, അമ്മയ്ക്കും ഒപ്പമാണ് ഒക്ടേവ താമസിക്കുന്നത്. 178 മില്ല്യണ്‍ പൗണ്ട് കൈയില്‍ കിട്ടിയെങ്കില്‍ ഇവര്‍ ഓരോരുത്തര്‍ക്കും ഒരു വീട് വാങ്ങിനല്‍കാമായിരുന്നുവെന്ന് ഈ കൗമാരക്കാരി ഇപ്പോള്‍ കനവ് കാണുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.