CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 5 Minutes 19 Seconds Ago
Breaking Now

സീറോ മലങ്കര കത്തോലിക്കാ സഭാ യുകെ കോര്‍ഡിനേറ്റര്‍ ആയ ഫാ. തോമസ് മടുക്കുമ്മൂട്ടിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്

സീറോ മലങ്കര കത്തോലിക്കാ സഭാ യുകെ കോര്‍ഡിനേറ്റര്‍ ആയ ഫാ. തോമസ് മടുക്കുമ്മൂട്ടില്‍ ഒന്‍പത് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷം മാതൃരൂപതയായ ബത്തേരിയിലേക്ക് മടങ്ങുന്നു. 2012 ജൂണിലാണ് ഫാ. തോമസ് യുകെയിലെ മലങ്കര കത്തോലിക്കാ റീജിയനിലേക്ക് ശുശ്രൂഷക്കായി നിയമിതനാവുന്നത്. ഷെഫീല്‍ഡിലെ സെന്റ് മേരീസ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരിയായി സേവനമാരംഭിച്ച ഫാ. തോമസ് പിന്നീട് മാഞ്ചസ്റ്ററിലെ വിതിന്‍ഷോയിലുള്ള സെന്റ് ആന്റണിസ്, ഹെയ്‌നല്‍ട്ടിലെ അസംപ്ഷന്‍, ഇല്‍ഫോഡിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ് റ്റ് എന്നീ ലാറ്റിന്‍ ദൈവാലയങ്ങളിലും ശുശ്രൂഷ ചെയ്തു. ഇതേ സമയം തന്നെ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ഷെഫീല്‍ഡ്, നോട്ടിങ്ങ്ഹാം, കവന്‍ട്രി, ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ആഷ്‌ഫോര്‍ഡ്, ക്രോയ്ഡണ്‍, ഈസ്റ്റ് ലണ്ടന്‍, ലൂട്ടണ്‍, വെസ്റ്റ് ലണ്ടന്‍, സൗത്താംപ്റ്റണ്‍എന്നീ മലങ്കര മിഷനുകളുടെ ചാപ്ലൈനുമായിരുന്നു.

ഏഴു വര്‍ഷത്തെ തീക്ഷ്ണമായ സേവനത്തിനു ശേഷം ഫാ. ഡാനിയേല്‍ കുളങ്ങര 2016ല്‍ നാട്ടിലേക്കു മടങ്ങിയപ്പോള്‍ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് ക്‌ളീമിസ് ബാവായ്ക്ക് അതിനോടകം തന്നെ സൗമ്യമായ പെരുമാറ്റം കൊണ്ടും അര്‍ജവത്വമുള്ള  പ്രവര്‍ത്തനശൈലി കൊണ്ടും ശക്തമായ നേതൃപാടവം കൊണ്ടുമെല്ലാം എല്ലാവരുടെയും ശ്രദ്ധയാര്‍ജ്ജിച്ചിരുന്ന

 ഫാ. തോമസ് മടുക്കുമ്മൂട്ടിലിനെ യുകെയിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന മലങ്കര കത്തോലിക്കാ റീജിയന്റെ റീജിയന്റെ അമരക്കാരനായിനിയമിക്കാന്‍ രണ്ടാമതോന്നാലോചിക്കേണ്ടി വന്നില്ല. 

കോര്‍ഡിനേറ്റര്‍ ആയുള്ള തന്റെ നിയമനം പൂര്‍ണമായും ശരി വയ്ക്കുന്നതായിരുന്നു 2017 ജനുവരി മുതല്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായുള്ള അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നോര്‍ത്താംപ്റ്റണ്‍, ഇപ്‌സ്വിച്, അബര്‍ഡീന്‍, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ പുതിയ മലങ്കര സഭാ മിഷനുകള്‍ അദ്ധേഹം ആരംഭിച്ചു. യുകെയിലെ മലങ്കര സഭയുടെ സുപ്രധാന സംഗമമാണ് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന നാഷണല്‍ കണ്‍വെന്‍ഷനുകള്‍.  സഭാതലത്തില്‍ ഏറെ ശ്രദ്ധ നേടിയ, 2015ല്‍ ഷെഫീല്‍ഡില്‍ നടന്ന  കണ്‍വെന്‍ഷന്റെ വിജയത്തിന് പിന്നില്‍ ഫാ. തോമസിന്റെ സംഘാടന മികവായിരുന്നു. അദ്ധേഹം കോര്‍ഡിനേറ്റര്‍ ആയ ശേഷം ലിവര്‍പൂള്‍, വോള്‍വര്‍ഹാംപ്റ്റണ്‍ എന്നിവിടങ്ങളില്‍ വച്ചു നടത്തപ്പെട്ട കണ്‍വെന്‍ഷനുകളും വന്‍വിജയങ്ങളായിരുന്നു.

യുവജനങ്ങളാണ് സഭയുടെ യഥാര്‍ത്ഥ ശക്തി എന്ന ബോധ്യമുണ്ടായിരുന്ന ഫാ. തോമസ് മലങ്കര മിഷനുകളിലെ യുവജനങ്ങളെ വിശ്വാസധാരയില്‍ നിലനിര്‍ത്താന്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. യുകെയില്‍ ആദ്യമായി ഒരു മലങ്കര യുവജന ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നത് ഫാ. തോമസിന്റെ ശുശ്രൂഷാ കാലയളവിലാണ്. ട്രെയിനിങ് പ്രോഗ്രാമുകള്‍, ധ്യാനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ യുവജനങ്ങള്‍ക്ക് ശക്തമായ മാര്‍ഗം ദര്‍ശനം  നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കാലഘട്ടത്തിന്റെ ചുവരെഴുത്തുക്കള്‍ക്കനുസൃതമായി ദൈവജനത്തിന് ആത്മീയനേതൃത്വം നല്‍കിയ ഉത്തമ ഇടയനായിരുന്നു ഫാ. തോമസ് എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ വര്‍ഷം രൂപീകൃതമായ ഇരുപത് പേരടങ്ങുന്ന സുവിശേഷസംഘം.  പ്രത്യേക പരിശീലനം നേടി, സഭാ തലവന്റെ കൈ വയ്പ്പ് വഴി സഭാ ശുശ്രൂഷകളെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിനും സുവിശേഷ ദര്‍ശനങ്ങള്‍ക്കനുസൃതമായി ജീവിതം നയിക്കാനുമുള്ള നവനിയോഗം സ്വീകരിക്കുന്ന സുവിശേഷസംഘ അംഗങ്ങള്‍ മലങ്കര കത്തോലിക്കാ സഭയുടെ ആത്മീയ ചൈതന്യത്തിന്റെ നവദൃഷ്ടാന്തമാണ്. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സുവിശേഷസംഘമാണ് യുകെയിലേത്.

ഫാ. തോമസിന്റെ നേതൃ പാടവത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മകുടോദാഹരണമാണ്  മലങ്കര റീജിയന്റെ ചാരിറ്റി രെജിസ്‌ട്രേഷന്‍. അനേക കാലത്തെ ആശ്രാന്ത പരിശ്രമത്തിന്റെ  ഫലമായിരുന്നു 2019 പൂര്‍ത്തിയായ ചാരിറ്റി രെജിസ്‌ട്രേഷന്‍.

മാര്‍ത്തോമാ ശ്ലീഹായുടെ അപ്പസ്‌തോലിക പൈതൃകവും അന്ത്യോക്യന്‍ ആരാധനക്രമത്തിന്റെ സന്യാസചൈതന്യവും ദൈവദാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ പുനരൈക്യ ദര്‍ശനവും ഒത്തിണങ്ങിയ മലങ്കര കത്തോലിക്കാ സഭയുടെ അതിശക്തമായി വിശ്വാസപാരമ്പര്യം,

യുകെയിലെ തികച്ചു വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വളരുന്ന പുതുതലമുറയ്ക്ക് ജാഗ്രതയോടെ പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫാ. തോമസ് ബോധവാനായിരുന്നു. അതു കൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനം കുറ്റമറ്റ രീതിയില്‍ നടത്തപ്പെടുവാന്‍ അദ്ധേഹം നിരന്തരം പരിശ്രമിച്ചു. ലോകം മുഴുവനെയും ഒരു വര്‍ഷത്തിലേറെയായി പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് കാലഘട്ടത്തിലെ പരിമിതികള്‍ക്കിടയിലും 2020 മെയ് മാസം യുകെയിലെ കുട്ടികള്‍ക്കായി ക്രമീകരിച്ച അവധിക്കാല ഓണ്‍ലൈന്‍ ക്ലാസ്സ്, ബിബ്ലിയ വിശ്വാസപരിശീലനത്തിന് അദ്ധേഹം നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.

ദൈവജനത്തിന്റെ ആത്മീയ ഉന്നതിക്കും ഐക്യത്തിനും വൈദീകരുടെ ശുശ്രൂഷ  അനിവാര്യമാണ് എന്നറിയാമായിരുന്ന ഫാ. തോമസിന്റെ നിരന്തര പരിശ്രമഫലമായി ചുരുങ്ങിയ കാലയളവില്‍ നാലു വൈദീകര്‍ കൂടി യുകെയിലെ മിഷനുകളില്‍ എത്തി. യുകെയിലെ വിവിധ എക്യൂമെനിക്കല്‍ വേദികളിലും ആത്മീയ പ്രഭാഷണ വേദികളും സജീവ സാന്നിധ്യമായിരുന്ന ഫാ. തോമസ് നല്ലൊരു വാഗ്മിയും ഗ്രന്ഥ രചയിതാവ് കൂടിയാണ്.

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് ക്‌ളീമിസ് ബാവായുടെ നിര്‍ദ്ദേശം പ്രകാരം പുതിയ നിയോഗം ഏറ്റെടുക്കാനായി മാതൃരൂപതയായ ബത്തേരിയിലേക്ക് മടങ്ങി പോകുന്ന തങ്ങളുടെ പ്രിയപ്പെട്ട തോമസ് അച്ചന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാസമൂഹം. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 20, ശനിയാഴ്ച ഓണ്‍ലൈന്‍ ആയാണ് യാത്ര അയപ്പ് ഒരുക്കിയിരിക്കുന്നത്. പുതിയ കോര്‍ഡിനേറ്റര്‍ ആയി നിയമിതനായിരിക്കുന്ന റവ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ സ്വീകരണവും ഇതോടൊപ്പം നടക്കും. രാവിലെ 9.30ന് ഫാ. തോമസ് അര്‍പ്പിക്കുന്ന കൃതഞ്ജതാബലി ലൈവ് ആയി യൂട്യൂബില്‍ ലഭ്യമാണ്. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് ക്‌ളീമിസ് ബാവാ, യുകെയിലെ അപ്പസ്‌റ്റോലിക് വിസിറ്റര്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.