CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 13 Minutes 37 Seconds Ago
Breaking Now

ഒരു വെടി ഇങ്ങോട്ട് വെച്ചാല്‍, രണ്ട് വെടി തിരിച്ചുകിട്ടും! ഇത് രാജ്ഞിയുടെ പുതിയ സ്റ്റൈല്‍; പരാതിപ്പെടാതെ, വിശദീകരിക്കാതെ നിശബ്ദത പാലിക്കുമെന്ന നയം ചവറ്റുകുട്ടയില്‍; ഹാരിയുടെയും, മെഗാന്റെയും മകള്‍ക്ക് ലിലിബെറ്റ് പേരിട്ടതിനെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ 'അസത്യങ്ങള്‍' ചോദ്യം ചെയ്യപ്പെടാതെ പോകേണ്ടെന്ന് തീരുമാനം

തന്റെയോ, മുതിര്‍ന്ന രാജകുടുംബാംഗങ്ങളുടെയോ സ്വകാര്യ സംഭാഷങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാല്‍ തിരുത്തണമെന്നാണ് രാജ്ഞി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

കാര്യങ്ങള്‍ വിശദീകരിക്കാത്തത് കൊണ്ട് രാജകുടുംബം സംബന്ധിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കാമെന്ന വിചാരം ഇനി ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഉപേക്ഷിക്കാം. ഒരിക്കലും പരാതിപ്പെടില്ല, ഒരിക്കലും വിശദീകരിക്കാനും നില്‍ക്കേണ്ട എന്ന നിലപാട് മാറ്റിവെച്ചാണ് ഒരു വെടിക്ക് പകരം രണ്ട് വെടി തിരിച്ച് വെയ്ക്കാന്‍ രാജ്ഞി നയത്തില്‍ തിരുത്തല്‍ വരുന്നുണ്ട്. സസെക്‌സ് ഡ്യൂക്കും, ഡച്ചസും രാജകുടുംബത്തെ കുറിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ഡെയ്‌ലി മെയില്‍ അവകാശപ്പെടുന്നത്. 

അതേസമയം തന്റെയോ, മുതിര്‍ന്ന രാജകുടുംബാംഗങ്ങളുടെയോ സ്വകാര്യ സംഭാഷങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാല്‍ തിരുത്തണമെന്നാണ് രാജ്ഞി കൊട്ടാര വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹാരിയുടെയും, മെഗാന്റെയും പിന്തുണയുള്ളവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിവരങ്ങളില്‍ മനസ്സ് മടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പുതുതായി ജനിച്ച കുട്ടിയുടെ പേരില്‍ പോലും തര്‍ക്കം ഉടലെടുത്തതാണ് രാജ്ഞിയെ മാറ്റത്തിലേക്ക് നയിച്ചതെന്നാണ് വാദം. 

ലിലിബെറ്റ് എന്ന പേരിടാന്‍ രാജ്ഞിയുടെ അനുവാദം തേടിയിരുന്നതായി ഹാരി അവകാശപ്പെട്ടപ്പോള്‍ ഇത് സംഭവിച്ചിരുന്നില്ലെന്നാണ് കൊട്ടാര വക്താക്കളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. തെറ്റായ വാര്‍ത്തയുടെ പേരില്‍ ബിബിസിയ്ക്ക് എതിരെ ലീഗല്‍ നോട്ടീസ് അയയ്ക്കാനും ഹാരി തയ്യാറായി. കാര്യങ്ങള്‍ ഇതുവരെ എത്തിയ ഘട്ടത്തിലാണ് ഇനി നിശബ്ദത പാലിക്കേണ്ടതില്ലെന്ന് രാജ്ഞി തീരുമാനിച്ചിട്ടുള്ളത്. ഇതെല്ലാം ഹാരിയും, മെഗാനും കാരണമാണെന്ന രീതിയിലാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ ഡയാന രാജകുമാരിയുടെ ജീവന്‍ തന്നെ കവര്‍ന്ന അവസ്ഥയിലേക്ക് എത്തിച്ച ബിബിസി പനോരമ അഭിമുഖം വ്യാജ രേഖകള്‍ ചമച്ച് നേടിയതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. രാജകുടുംബത്തില്‍ സംസാരിക്കാത്ത കാര്യങ്ങള്‍ പോലും ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്ത് വിവാദമുണ്ടാക്കുന്ന മാധ്യമങ്ങള്‍ക്കും ഈ തീരുമാനത്തിന്റെ വെടിയുണ്ടകള്‍ ഏല്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്!




കൂടുതല്‍വാര്‍ത്തകള്‍.