CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 4 Minutes 6 Seconds Ago
Breaking Now

യു കെ യിലെ മലയാളി വനിതാ സംരംഭകര്‍ക്ക് മാതൃകയായി, ലീഡ്‌സില്‍ നിന്നും ജൂലി ഉമ്മന്‍

യു കെ യിലെ മലയാളികളായ നമ്മളില്‍ പലരും ഇവിടെ ഒരു ജോലി തന്നെ ധാരാളമാണു എന്ന ചിന്തയില്‍ കഴിയുന്നവരാണ്.മലയാളി സംരംഭകര്‍ യു കെ യില്‍ പൊതുവേ കുറവാണ്. പല കാരണങ്ങള്‍ ഉണ്ടാകാം. ആശയവിനിമയം, സംരംഭക മനസ്ഥിതി, റിസ്‌ക് എടുക്കാനുള്ള ബുദ്ധിമുട്ട് അങ്ങനെ പല കാരണങ്ങള്‍ ഉണ്ട്. 

പക്ഷെ , ഈ പറഞ്ഞ പ്രശ്‌നങ്ങളെയൊക്കെ നേരിട്ട് ബിസിനസ്സില്‍ നേട്ടം കൈവരിച്ച ഒരു മലയാളിയെ നമുക്ക് പരിചയപ്പെടാം. 

image0.jpeg

അതു യു കെ യിലെ ഒരു വനിതാ സംരംഭകയാണെങ്കിലോ ? 

EWIF (Encouraging Women into Franchising) എന്ന സംഘടന യു കെ യിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകളില്‍ പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരു സംരംഭമാണ്.  എല്ലാ വര്‍ഷവും ഈ സംഘടന യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസ്സുകളില്‍ വെന്നിക്കൊടി പാറിച്ച വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. 

യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക് ആദ്യമായി കടന്നു വന്ന് വിജയിക്കുകയും വനിതാ ബിസിനസ്സുകാരെ  പ്രചോദിപ്പിക്കുകയും ചെയ്ത ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍, യു കെ യിലെ ലീഡ്‌സിലെ മലയാളികള്‍ക്ക് സുപരിചിതയായ ഒരു മലയാളി വനിതയുമുണ്ട്.  EWIF (Encouraging Women into Franchising) ന്റെ ചരിത്രത്തില്‍ ആദ്യമായാണു ഒരു  മലയാളി വനിത 

2022 ജൂണ്‍ 30നു നടന്ന പ്രോഗ്രാമില്‍ ഫൈനലിസ്റ്റ് ആകുന്നത്. 

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടം സ്വദേശിനിയായ ശ്രീമതി. ജൂലി ഉമ്മന്‍.സംരംഭം ഒരു സാഹസിക യാത്രയാണു. പ്രതിസന്ധികളെയും അനിശ്ചിതത്വങ്ങളെയും നേരിട്ട് ഒരു കപ്പലിനെ, കപ്പിത്താന്‍ തീരത്തേക്ക് അടുപ്പിക്കുന്നതു പോലെ ഒരു ഭഗീരഥപ്രയത്‌നമാണു. ഒരു ബിസിനസ്സില്‍ വിജയിക്കുന്നതിനു ഒത്തിരിയേറെ ഘടകങ്ങള്‍ ഒത്തു വരേണ്ടതുണ്ട്. സമയം, മൂലധനം, സംരംഭകത്വം, മികച്ച സ്റ്റാഫ് അങ്ങനെ ഒട്ടേറെ ഘടകങ്ങള്‍. 

image1.jpeg

എല്ലാ സംരംഭകരെയും പോലെ ജൂലിയുടെ ബിസിനസ്സിന്റെ ആരംഭവും വെല്ലുവിളികള്‍ നിറഞ്ഞത് തന്നെയായിരുന്നു. 

യു കെയില്‍ കൊവിഡ് രൂക്ഷമായിരുന്ന 2020ലെ ഒക്ടൊബര്‍ മാസമാണു ജൂലി, തന്റെ ഹോം കെയര്‍ ബിസിനസ്സ് ആരംഭിക്കുന്നത്. യു കെ യിലെ പ്രശസ്തമായ ഹോം കെയര്‍ ബിസിനസ്സ് ഗ്രൂപ്പായ കെയര്‍മാര്‍ക്കിന്റെ വേക്ക്ഫീല്‍ഡ് എന്ന ടൗണിലെ ഫ്രാഞ്ചൈസി കരസ്ഥമാക്കിയായിരുന്നു ജൂലി തന്റെ ബിസിനസ്സ് രംഗത്തേക്ക് കാലൂന്നിയത്. ലീഡ്‌സിലെ സെന്റ്. ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ സ്വപ്നതുല്യ ജോലിയായ റെറ്റിനല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണര്‍ എന്ന തസ്തികയില്‍ നിന്നും ഒരു ഇടവേള എടുത്തതിനു ശേഷമാണു ശ്രീമതി. ജൂലി തന്റെ സ്വപ്നമായ സംരംഭകത്വത്തിലേക്ക് കടന്നു വന്നത്. 

യു കെ യിലെ കൊവിഡിന്റെ പ്രശ്‌നങ്ങളും ബ്രെക്‌സിറ്റും അതിരൂക്ഷമായ് ബാധിച്ചത് ഇവിടുത്തെ കെയര്‍ മേഖലയിലായിരുന്നു. കെയര്‍ ജോലിക്കായുള്ള വിദഗ്ധ കെയറര്‍മ്മാരുടെ അഭാവവും കൊവിഡ് പകരുമെന്ന സംശയത്താല്‍ കെയറര്‍മ്മാരെ ഒഴിവാക്കിയ ഉപഭോക്താക്കളും ഒക്കെയായി , വെല്ലുവിളികള്‍ ഒട്ടേറെയായിരുന്നു ജൂലിക്ക് നേരിടേണ്ടി വന്നത്. 

പക്ഷേ , എല്ലാറ്റിനുമുപരിയായി തന്റെ നിശ്ചയദാര്‍ഡ്യവും പ്രതിസന്ധികളെ നേരിടാനുള്ള മനസ്സും ജൂലിയിലെ സംരംഭകയെ പ്രചോദിപ്പിക്കുകയാണു ചെയ്തത്. അതിനു ഫലവും കണ്ടു. 

കെയര്‍മാര്‍ക്ക് ബിസിനസ്സ് ഗ്രൂപ്പിന്റെ , യു കെയിലെ നോര്‍ത്ത് റീജിയണിലെ  അതിവേഗത്തില്‍ വളരുന്ന ഫ്രാഞ്ചൈസിക്കുള്ള അവാര്‍ഡ് ജൂലിയുടെ വേക്ക്ഫീല്‍ഡിലെ കെയര്‍മാര്‍ക്ക് ഫ്രാഞ്ചൈസി 2021ല്‍ കരസ്ഥമാക്കി. 

ഇപ്പോള്‍ , EWIF (Encouraging Women into Franchising) ന്റെ യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക് ആദ്യമായി കടന്നു വന്ന് വിജയിക്കുകയും വനിതാ ബിസിനസ്സുകാരെ  പ്രചോദിപ്പിക്കുകയും ചെയ്ത ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ജൂലിയും ഇടം നേടിയിരിക്കുന്നു. യു കെ യിലെയും കേരളത്തിലെയും എല്ലാ മലയാളി വനിതാ സംരംഭകര്‍ക്കും അഭിമാനകരമായ നേട്ടമാണു ജൂലി കരസ്ഥമാക്കിയിരിക്കുന്നത്. 

തന്റെ നേട്ടങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ജൂലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 

'2004 ജനുവരിയിലാണു ഞാന്‍ ഇന്‍ഡ്യയില്‍ നിന്നും യു കെ യിലേക്ക് വരുന്നത്. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സില്‍ ഒരു നഴ്‌സിംഗ് ഹോമില്‍ നഴ്‌സായി ജോലി ആരംഭിച്ചു , പിന്നീട് എന്‍ എച്ച് എസ്സ്‌സില്‍ ജോലി ലഭിച്ചു. 

ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സായി സേവനമാരംഭിച്ചു.'

ജോലിയിലെ പല പടവുകളും തന്റെ കഠിനാധ്വാനത്താല്‍ നേടിയ ജൂലി , ഏവരുടെയും സ്വപ്നതുല്യമായ ജോലിയായ റെറ്റിനല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണറായി (ബാന്‍ഡ് 7) ലീഡ്‌സിലെ സെന്റ് ജെയിംസ്  ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു. 

ഹോസ്പിറ്റലിലെ സെക്കണ്ടറി കെയറില്‍ ജോലി നോക്കുമ്പോള്‍ തന്നെ പ്രൈമറി കെയറിനോട് ജൂലിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച്,  ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ രോഗികള്‍ പലരും വയോജനങ്ങളായിരുന്നു.

സംരംഭക യാത്രയിലുടനീളം കുടുംബവും ഫ്രണ്ട്‌സും ബിസിനസ്സിലെ സ്റ്റാഫും ക്ലയന്റ്‌സും നല്‍കിയ പിന്തുണയാണു  പല പ്രതിസന്ധികളും തരണം ചെയ്യാന്‍ ജൂലിയെ സഹായിച്ചത്. ജൂലിയുടെ ഭര്‍ത്താവ്, ഡോ. നന്ദകിഷോറിന്റെ പിന്തുണ വില മതിക്കാനാകാത്തതായിരുന്നു. 

വേക്ഫീല്‍ഡിലെ കമ്മ്യൂണിറ്റിക്കു വേണ്ടി നന്മകള്‍ ചെയ്യാനുള്ള  മനസ്ഥിതിയും , കെയര്‍ മേഖലക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള  ആഗ്രഹവുമാണു തന്റെ നേട്ടങ്ങള്‍ക്ക് കാരണമായി ജൂലി പറഞ്ഞത്. 

യു കെ യിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സിലാണു ജൂലിയുടെ വീട്.

ഭര്‍ത്താവ് ഡോ. നന്ദകിഷോര്‍.

മക്കള്‍ , ബിരുദ വിദ്യാര്‍ഥിയായ ആദര്‍ശ്ശ്,   

എ  ലെവല്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ.

യു കെ യിലെ പുതിയ മലയാളി സംരംഭകര്‍ക്കായ് നല്‍കാന്‍ ഒരു സന്ദേശമുണ്ടോ എന്ന് ജൂലിയോട് ചോദിച്ചു. 

ജൂലി പറഞ്ഞത് ഇങ്ങനെയായിരുന്നു.

 

'Willingness to take risk is the path to success'.!

 

https://www.ewif.org/2022natwestewifawards/

 

 




കൂടുതല്‍വാര്‍ത്തകള്‍.