
















ഹാരി രാജകുമാരന്റെയും, മെഗാന്‍ മാര്‍ക്കിളിന്റെയും രാജകീയ സ്ഥാനപ്പേരുകള്‍ നീക്കം ചെയ്യാന്‍ ആലോചിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ഈയാഴ്ച സ്‌ഫോടനാത്മകമായ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എംപിമാര്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ ഹാരിയ്ക്കും, മെഗാനും ബ്രിട്ടന്‍ നല്‍കുന്ന അവസാന പിന്തുണയും ഇല്ലാതാകും. കണ്‍സര്‍വേറ്റീവ് എംപി ബോബ് സീലിയാണ് ബില്‍ അവതരിപ്പിക്കുക.
ദമ്പതികളുടെ അനൗദ്യോഗിക വക്താവായി കുപ്രശസ്തനായ ഒമിഡ് സ്‌കോബി പുറത്തിറക്കിയ പുസ്തകങ്ങളിലെ ഉള്ളടക്കമാണ് പുതിയ തിരിച്ചടിക്ക് ഇടയാക്കുന്നത്. രാജകുടുംബത്തിലെ ഡ്യൂക്കും, ഡച്ചസുമായി സസെക്‌സ് ദമ്പതികളെ നിലനിര്‍ത്തുന്നത് അവസാനിപ്പിക്കാനാണ് ബില്‍ വിഭാവനം ചെയ്യുന്നത്. സ്‌കോബി നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ ഹാരിയും, മെഗാനും ഇപ്പോഴും പ്രതികരണം നടത്തിയിട്ടില്ല.
ഇതിനിടെയാണ് ഇരുവരെയും വെറും, മിസ്റ്റര്‍ & മിസിസ് സസെക്‌സുമാരാക്കി മാറ്റാന്‍ കോമണ്‍സിനെ ചിന്തിപ്പിക്കുന്ന ബില്‍ വരുന്നത്. എന്‍ഡ്‌ഗെയിം എന്നുപേരിട്ട പുസ്തകത്തിന്റെ ഡച്ച് പരിഭാഷയിലാണ് ആര്‍ച്ചി രാജകുമാരന്റെ തൊലിയുടെ നിറത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച രാജകുടുംബാംഗങ്ങള്‍ സാക്ഷാല്‍ രാജാവും, കെയ്റ്റ് മിഡില്‍ടണും തന്നെയാണെന്ന് വെളിപ്പെടുത്തല്‍ വന്നത്. രാജകുടുംബത്തെ മാനംകെടുക്കാന്‍ വംശീയത ഉപയോഗിക്കാനുള്ള ശ്രമത്തിനെതിരെയാണ് തന്റെ ബില്ലെന്ന് സീലി പറയുന്നു.
സ്‌കോബിയുടെ പുസ്തകത്തില്‍ ഇടംപിടിച്ച സംഭവങ്ങള്‍ക്ക് പിന്നില്‍ ഹാരിയും, മെഗാനുമല്ലെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ നിഷേധം അധികം ആരും തന്നെ വിശ്വസിക്കുന്നില്ലെന്ന് സീലി പറയുന്നു. സാധാരണയായി രാഷ്ട്രീയക്കാര്‍ ഇത്തരം സംഭവങ്ങളില്‍ ഇടപെടാറില്ലെങ്കിലും വംശവെറിയെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് എംപിമാര്‍ ഇതില്‍ നിലപാട് അറിയിക്കുന്നത്. 2020-ലെ കരാര്‍ പ്രകാരം ഔദ്യോഗിക ഡ്യൂട്ടികള്‍ ഉപേക്ഷിച്ച ഹാരിയും, മെഗാനും ഹിസ് & ഹെര്‍ റോയല്‍ ഹൈനസ് പദവി ഉപയോഗിക്കുന്നില്ല. അതേസമയം രാജകുടുംബം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.