
















ക്രിസ്മസിന് ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്ന ഒരു സമ്മാനം. അത് തരേണ്ടത് ബാങ്ക് ഓഫ് ഇംഗ്ലണ്ടും! എന്നാല്‍ അവര്‍ അതിന് തയ്യാറാകുമോ? ഈ ചോദ്യം പല ഭാഗത്ത് നിന്നും ഉയരുമ്പോള്‍ പലിശ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ഒരു വിഭാഗവും, അട്ടിമറിക്കപ്പെട്ടേക്കാമെന്ന് മറുവിഭാഗവും വാദിക്കുന്നു.
അതില്‍ പ്രധാനമാകുക കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയുടെ തീരുമാനങ്ങളാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ചുവടുവെയ്ക്കുമ്പോഴും ക്രിസ്മസിന് മുന്‍പുള്ള ഈ സമ്മാനം നിഷേധിക്കാന്‍ ബെയ്‌ലി തയ്യാറാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.
ഈയാഴ്ച ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ അംഗങ്ങള്‍ വിഷയത്തില്‍ ഭിന്നിച്ച് നില്‍ക്കുമെന്നാണ് കരുതുന്നത്. ബേസ് റേറ്റ് 3.75 ശതമാനമായി കുറയ്ക്കുമെന്ന് വിപണികള്‍ മോഹിക്കുമ്പോഴും മറ്റ് പല ആശങ്കകളും ബാങ്കിനെ അലട്ടുന്നുണ്ട്.
പണപ്പെരുപ്പമാണ് ഇതിലെ പ്രധാന വിഷയം. ബാങ്ക് ലക്ഷ്യമിടുന്ന 2 ശതമാനത്തിന്റെ ഇരട്ടിയ്ക്ക് അടുത്ത് നില്‍ക്കുന്ന പണപ്പെരുപ്പം ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ വ്യത്യസ്ത അഭിപ്രായത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്. ഇതില്‍ ഗവര്‍ണര്‍ ബെയ്‌ലിക്ക് കാസ്റ്റിംഗ് വോട്ടുമുണ്ട്.
കഴിഞ്ഞ തവണ നിരക്ക് നിലനിര്‍ത്താനാണ് ബെയ്‌ലി വോട്ട് ചെയ്തത്. പുതിയ പണപ്പെരുപ്പ നിരക്ക് തീരുമാനത്തെ ഏറെ സ്വാധീനിക്കും. വ്യാഴാഴ്ച പോളിസി കമ്മിറ്റി യോഗം ചേരുന്നതിന് മുന്‍പുള്ള ദിവസമാണ് പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരിക. നിലവില്‍ 3.6 ശതമാനത്തിലുള്ള നിരക്ക് ഈ വിധം തുടര്‍ന്നാല്‍ പലിശ കുരക്കാന്‍ ബെയ്‌ലി മടിക്കുമെന്നാണ് ആശങ്ക.