പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പിന്തുണ അറിയിച്ചതിന് പിന്നാലെ തുര്‍ക്കിയുടെ സൈനിക വിമാനങ്ങള്‍ ആയുധങ്ങളുമായി പാകിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ട്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ അടക്കമുള്ളവ വിമാനത്തില്‍ എത്തിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ളത് കറാച്ചിയിലാണ്. ഇവിടേയ്ക്കാണ് തുര്‍ക്കിയുടെ വിമാനം പറന്നിറങ്ങിയത്. പാകിസ്ഥാനും തുര്‍ക്കിയും തമ്മില്‍ പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്റാക്തര്‍ ഡ്രോണുകള്‍ പാകിസ്ഥാന്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. ബെയ്റാക്തറിന് പുറമെ തുര്‍ക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്ഥാന്‍ വാങ്ങിയെന്നാണ് സംശയം.
ഇതിന് പുറമെ പാകിസ്താന് ചൈന ദീര്‍ഘദൂര മിസൈലുകള്‍ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്ഥാന്‍ എന്ന സംശയം ബലപ്പെടുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കും.