ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വീണ്ടും സംഘര്‍ഷഭരിതമാക്കി കൊണ്ടാണ് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ മതം ചോദിച്ച ശേഷം തീവ്രവാദികള്‍ വെടിവെച്ച് കൊന്ന സംഭവം വളരുന്നത്. തീവ്രവാദികള്‍ ഒരിക്കലും നടപ്പാക്കാത്ത തരത്തിലുള്ള അക്രമത്തിന് മുതിര്‍ന്നതോടെ തിരിച്ചടിക്കാനുള്ള രോഷവും വളരുകയാണ്. എന്നാല്‍ മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോഴും ഇന്ത്യയും, പാകിസ്ഥാനും ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് യുകെ ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയില്‍ കടന്നുകയറി ഭീകരര്‍ നടത്തിയ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ബ്രിട്ടന്‍ ഏത് റോള്‍ ഏറ്റെടുക്കുമെന്ന ചോദ്യമാണ് ബ്രിട്ടീഷ് സിഖ് ലേബര്‍ എംപി ഗുരീന്ദര്‍ സിംഗ് ഹൗസ് ഓഫ് കോമണ്‍സില്‍ ഉന്നയിച്ചത്. വിഷയത്തില്‍ വിദേശകാര്യമന്ത്രാലയ മന്ത്രി ഹാമിഷ് ഫാക്ക്‌നര്‍ മറുപടി നല്‍കി.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണം നാശം വിതയ്ക്കുന്നതാണ്. എല്ലാ ഭാഗങ്ങളിലും, സമൂഹത്തിലുമുള്ളവര്‍ ഈ ഘട്ടത്തില്‍ ശാന്തത പാലിക്കണം, ഫാക്ക്‌നര്‍ പറഞ്ഞു. അതേസമയം യുകെയിലെ പാക് ഹൈക്കമ്മീഷന് മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പാക് ഉദ്യോഗസ്ഥന്‍ തലയറുക്കല്‍ ആംഗ്യം കാണിച്ച സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം നുഴഞ്ഞുകയറി ഭീകരാക്രമണം സംഘടിപ്പിച്ചവര്‍ നിയമത്തെ അഭിമുഖീകരിക്കണമെന്നും അതിന് ഇന്ത്യക്ക് യുകെ എല്ലാ പിന്തുണയും നല്‍കുമെന്നും ഫാക്ക്‌നര്‍ അറിയിച്ചു. സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സുഹൃത്തുക്കളാണ്, അതിനാല്‍ സ്ഥിതി അനിയന്ത്രിതമായി പോകുന്നത് ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്, മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിബിസി ഭീകരരെ ആയുധധാരികള്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ അവരുടെ ഭാഷ ശരിയാക്കാന്‍ ഇല്ലെന്ന് മന്ത്രി പ്രതികരിച്ചു. എന്നാല്‍ നടന്നത് ഭീതിദമായ ഭീകരാക്രമണമാണെന്നും, ഇതാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിലപാടെന്നും ഫാക്ക്‌നര്‍ വ്യക്തമാക്കി.