എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ 10 വര്‍ഷത്തെ പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ തികയുന്നതിന് മുന്‍പ് ഇത് അട്ടിമറിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരപ്രഖ്യാപനം. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ ബാലറ്റിംഗില്‍ പണിമുടക്കിന് വമ്പിച്ച പിന്തുണ ലഭിച്ചിരിക്കുകയാണ്. 90 ശതമാനം അംഗങ്ങളും നടപടിയെ അനുകൂലിക്കുന്നതായി ബിഎംഎ വ്യക്തമാക്കി.
ലേബര്‍ ഗവണ്‍മെന്റിന് കനത്ത തിരിച്ചടിയാണ് ഡോക്ടര്‍മാരുടെ ഈ നീക്കം. 29% ശമ്പളവര്‍ദ്ധന ലഭിക്കാതെ പിന്‍വാങ്ങില്ലെന്ന പിടിവാശിയിലാണ് റസിഡന്റ് ഡോക്ടര്‍മാര്‍. എന്‍എച്ച്എസിനെ ആറ് മാസത്തേക്ക് മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ഈ നീക്കം. അടുത്ത വര്‍ഷം ജനുവരി വരെ പണിമുടക്ക് നീളാം.
2022 മുതല്‍ 11 തവണയാണ് മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. 1.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് അന്ന് റദ്ദാക്കേണ്ടി വന്നത്. മേയ് മാസത്തില്‍ പബ്ലിക് സെക്ടര്‍ പേ റിവ്യൂവില്‍ 5.4 ശതമാനം ശമ്പളവര്‍ദ്ധനവാണ് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശിച്ചത്.
പണപ്പെരുപ്പം 3.5 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ ഇതിന് മുകളിലുള്ള വര്‍ദ്ധനവാണ് പേ റിവ്യൂ ബോഡി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് ഡോക്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. 2008 മുതല്‍ നേരിട്ട നഷ്ടം നികത്താന്‍ 29.2 ശതമാനം വര്‍ദ്ധനവാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
'ഡോക്ടര്‍മാര്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. 2008-ലേക്കാള്‍ 20 ശതമാനം താഴ്ത്തിയുള്ള വര്‍ദ്ധന സ്വീകരിക്കാന്‍ തയ്യാറല്ല. പ്രതിപക്ഷത്തുള്ളപ്പോള്‍ ചര്‍ച്ചയാണ് സമരങ്ങള്‍ക്കുള്ള പരിഹാരമെന്ന് വെസ് സ്ട്രീറ്റിംഗ് പറഞ്ഞ്. ഇത് ശരിയെന്ന് തെളിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കുറി ഈ തീരുമാനം ശരിയാണെന്ന് തെളിയിക്കുമോയെന്ന് കാത്തിരുന്ന് കാണാം', ബിഎംഎ റസിഡന്റ് ഡോക്ടേഴ്‌സ് കമ്മിറ്റി കോ-ചെയര്‍ ഡോ. മെലിസാ റയാനും, ഡോ. റോസ് ന്യൂവോഡും വ്യക്തമാക്കി.