
















പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നേതൃപദവിയെ ചോദ്യചിഹ്നത്തിലാക്കി പുതിയ ഡെപ്യൂട്ടി നേതാവിന്റെ തെരഞ്ഞെടുപ്പ്. സ്റ്റാര്‍മര്‍ ക്യാബിനറ്റില്‍ നിന്നും പുറത്താക്കിയ ലേബര്‍ എംപിയെ തന്നെ പുതിയ ഡെപ്യൂട്ടി നേതാവായി പാര്‍ട്ടി അംഗങ്ങള്‍ തെരഞ്ഞെടുത്തതോടെയാണ് തിരിച്ചടിയായത്. തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കാനും പുതിയ ഡെപ്യൂട്ടി നേതാവ് തയ്യാറായി.
എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സന്റെ 46 ശതമാനത്തിന് എതിരെ 54 ശതമാനം വോട്ട് നേടിയാണ് ലൂസി പവല്‍ വിജയിച്ച് കയറിയത്. ഫിലിപ്‌സണ്‍ സ്റ്റാര്‍മറുടെ അനുകൂലിയായിരുന്നു. ഇതോടെ എതിര്‍പക്ഷത്ത് നിന്നും നേടിയ വിജയം സ്റ്റാര്‍മറുടെ നേതൃപദവിക്ക് മേലുള്ള ഹിതപരിശോധനയായി മാറിയിട്ടുണ്ട്.
വിജയപ്രസംഗത്തില്‍ 51-കാരിയായ പവല്‍ പ്രധാനമന്ത്രിയെ നേരിട്ട് ലക്ഷ്യം വെച്ചു. 'വാഗ്ദാനം ചെയ്ത മാറ്റം സമ്മാനിക്കുന്നതില്‍ ആവശ്യമായതൊന്നും ഗവണ്‍മെന്റ് ചെയ്തില്ലെന്നാണ് ആളുകള്‍ക്ക് അനുഭവപ്പെടുന്നത്', പവല്‍ വ്യക്തമാക്കി. നിഗല്‍ ഫരാഗിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ആവശ്യമായ വഴിയൊരുക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഭാഗീയതയും, വിദ്വേഷവും വര്‍ദ്ധിക്കുന്ന അവസ്ഥയാണ്. മാറ്റം വേണമെന്ന ജനത്തിന്റെ ആഗ്രഹവും വര്‍ദ്ധിക്കുന്നു, പവല്‍ പറഞ്ഞു. ആഞ്ചെല റെയ്‌നര്‍ നികുതി വെട്ടിച്ചതായി സമ്മതിച്ചതോടെയാണ് ഡെപ്യൂട്ടി നേതാവിനായി തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന്റെ കൂട്ടാളിയാണ് പുതിയ ഡെപ്യൂട്ടിയെന്നത് സ്റ്റാര്‍മറിന് മറ്റൊരു വെല്ലുവിളിയാണ്.