ട്രഷറിയുടെ ചുമതലയില്‍ ഇരുന്ന 10 വര്‍ഷക്കാലം കൊണ്ട് നികുതികള്‍ കുത്തനെ കൂട്ടി വരുമാനം നേടി കുപ്രശസ്തി നേടിയ നേതാവാണ് ഗോര്‍ഡന്‍ ബ്രൗണ്‍. എന്നാല്‍ അദ്ദേഹത്തിന് ഒരു ദശകക്കാലം ഇതിന് വേണ്ടിവന്നെങ്കില്‍, ഇതിലും ഏറെ നികുതികള്‍ വര്‍ദ്ധിപ്പിക്കാന്‍ നിലവിലെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് വേണ്ടിവന്നത് കേവലം 16 മാസക്കാലം മാത്രം.
1997 മുതല്‍ 2007 വരെ കാലയളവില്‍ മുന്‍ ചാന്‍സലര്‍ 59 മില്ല്യണ്‍ പൗണ്ടിന്റെ വരുമാനമാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറിലെ റെക്കോര്‍ഡ് നികുതി വര്‍ദ്ധന ബജറ്റ് കൊണ്ട് മാത്രം 44 ബില്ല്യണാണ് റീവ്‌സ് കൂട്ടിച്ചേര്‍ത്തത്. നവംബര്‍ 26ന് അടുത്ത ബജറ്റ് അവതരണം കൂടി നടക്കാന്‍ ഇരിക്കവെ ബ്രൗണിന്റെ റെക്കോര്‍ഡ് റീവ്‌സ് അനായാസം മറികടക്കുമെന്നാണ് ആശങ്ക.
ഈ ഘട്ടത്തില്‍ 22 ബില്ല്യണ്‍ പൗണ്ട് അധികം കണ്ടെത്താനുള്ള ചുമതലയാണ് റീവ്‌സിന് മുന്നിലുള്ളതെന്ന് ഐഎഫ്എസ് ചൂണ്ടിക്കാണിച്ചു. കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് റീവ്‌സ് തന്നെ സമ്മതിച്ചിട്ടുണ്ട്.
ഇതിനിടെ വാഹന ഉടമകൡ നിന്നും വര്‍ഷത്തില്‍ 100 പൗണ്ട് അധികം പിടിച്ചെടുക്കാനുള്ള വകുപ്പ് കൂടി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് വന്നിട്ടുണ്ട്. ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധനവിലൂടെ ഇത് സാധിച്ചെടുക്കാനാണ് നീക്കം. നിലവില്‍ ഫ്യൂവല്‍ ഡ്യൂട്ടി താല്‍ക്കാലികമായി ലിറ്ററിന് 5 പെന്‍സ് എന്ന നിലയില്‍ മരവിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്.
ഇത് ഒഴിവാക്കിയാല്‍ 2029 ആകുന്നതോടെ 7.9 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഒഴുകും. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം കുടുംബ ബജറ്റുകളില്‍ നേരിടും. ഭക്ഷ്യവിഭവങ്ങള്‍ക്ക് മുതല്‍ എനര്‍ജി ചെലവുകള്‍ക്ക് വരെ ഇത് ആവശ്യമായി വരുമെന്നാണ് മുന്നറിയിപ്പ്. ഈ പ്രഖ്യാപനം വന്നാല്‍ കുടുംബങ്ങള്‍ക്ക് 360 പൗണ്ട് അധിക ചെലവാണ് ഇപ്പോള്‍ മുതല്‍ 2029 വരെ കാലയളവില്‍ നേരിടേണ്ടി വരികയെന്ന് പരിശോധന നടത്തിയ റോഡ് ഹോളേജ് അസോസിയേഷന്‍ പറഞ്ഞു. കാര്‍ ഇല്ലെങ്കിലും പോലും കുടുംബങ്ങള്‍ക്ക് 255 പൗണ്ട് അധിക ചെലവ് വഹിക്കേണ്ടി വരും.