
















ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് അവസാനം. താന്‍ ബജറ്റുമായി വരുന്നത് കൂടുതല്‍ നികുതി പിരിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണെന്ന് അടിവരയിട്ട് സ്ഥിരീകരിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ജോലി ചെയ്ത് ജീവിക്കുന്ന മനുഷ്യര്‍ സാമ്പത്തിക ഭാരം പേറുന്നതിനിടെയാണ് കൂടുതല്‍ ഭാരം സമ്മാനിക്കാനാണ് വരുന്നതെന്ന് റീവ്‌സ് വ്യക്തമാക്കുന്നത്.
നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി സമ്മതിച്ച ചാന്‍സലര്‍ ചെലവുചുരുക്കലും ഇതിനൊപ്പം ചേര്‍ക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ പൊതുഖജനാവ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനാണ് ഇവരുടെ ശ്രമം.
അതേസമയം ശരാശരി ജോലിക്കാര്‍ക്ക് മേല്‍ ചുമത്തുന്ന നികുതി നിരക്ക് ഇപ്പോള്‍ ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിച്ചു. ശരാശരി 33,000 പൗണ്ട് ശമ്പളം നേടുന്ന ജോലിക്കാര്‍ 27 ശതമാനവും നികുതി നല്‍കുകയാണ്.
യഥാര്‍ത്ഥ നികുതി നിരക്ക് 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുകയും, ലക്ഷങ്ങള്‍ ജോലി ചെയ്യാതെ വെല്‍ഫെയറിനെ ആശ്രയിക്കുകയും ചെയ്യുമ്പോള്‍ റേച്ചല്‍ റീവ്‌സ് നികുതി കൂട്ടുന്നതിന് പകരം കുറയ്ക്കുകയാണ് വേണ്ടതെന്ന് ടോറി ബിസിനസ്സ് വക്താവ് ആന്‍ഡ്രൂ ഗ്രിഫിത്ത് പറഞ്ഞു.
30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നികത്തുകയാണ് ബജറ്റില്‍ ചാന്‍സലര്‍ ക്ക് മുന്നിലുള്ള വെല്ലുവിളി. ഇന്‍കംടാക്‌സ് നിരക്ക് വര്‍ദ്ധിപ്പിക്കുമോയെന്ന ചോദ്യത്തിന് ജോലി ചെയ്യുന്ന ആളുകളുടെ നികുതി പരമാവധി കുറച്ച് നിര്‍ത്തുമെന്ന് മാത്രമാണ് ചാന്‍സലര്‍ മറുപടി നല്‍കിയത്. കടമെടുപ്പ് കുറയ്ക്കാനുള്ള നടപടികള്‍ ബജറ്റില്‍ കൈക്കൊള്ളുമെന്ന് റീവ്‌സ് സ്ഥിരീകരിച്ചു.