
















ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 241 പേരാണ് കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തി ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
താന്‍ ജീവനോടെ ഇരിക്കുന്നത് അത്ഭുതമാണെങ്കിലും, സഹോദരന്റെ മരണം എല്ലാ സന്തോഷങ്ങളും കവര്‍ന്നുവെന്നാണ് അപകടം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് പറയുന്നത്. ഇപ്പോഴും അന്ന് നടന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് മനസ്സിലെത്തുന്നതിന്റെ ആഘാതം മറികടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് വിശ്വാസ്.
ഇതേ വിമാനത്തില്‍ തനിക്കൊപ്പം യാത്ര ചെയ്ത സഹോദരന്‍ അജയും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 'എല്ലാം നഷ്ടപ്പെട്ടു, സന്തോഷവും. ദൈവം ജീവന്‍ തന്നു, പക്ഷെ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും കവര്‍ന്നു. കുടുംബം ആകെ തകര്‍ന്ന നിലയിലാണ്. എല്ലാം ബുദ്ധിമുട്ടായി മാറി', വിശ്വാസ് പറയുന്നു.
ലണ്ടനിലേക്കുള്ള ബോയിംഗ് 787-8 ഡ്രീംലൈനര്‍ ടേക്ക് ഓഫിന് പിന്നാലെ അടുത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. വിശ്വാസ് ഒഴികെ ബാക്കിയെല്ലാ യാത്രക്കാരും മരിച്ചു.