
















ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയെ വംശീയമായ അക്രമത്തിനിടെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിലായി. വാല്‍സാളില്‍ സ്ത്രീക്ക് എതിരായി വംശീയമായ അക്രമിക്കുകയും, ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിലാണ് 32-കാരന്‍ ജോണ്‍ ആഷ്ബി പിടിയിലായത്.
കുറ്റകൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുപോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരത്തിലൂടെയാണ് ആഷ്ബിയിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.
ശനിയാഴ്ച രാത്രി 7.15-ഓടെയാണ് പാര്‍ക്ക് ഹാളില്‍ വെച്ച് ഈ അക്രമം റിപ്പോര്‍ട്ട് ചെയ്തത്. പരിചയമില്ലാത്ത ഒരു വ്യക്തിയില്‍ നിന്നുമാണ് 20-കളില്‍ പ്രായമുള്ള ഇന്ത്യന്‍ വംശജയ്ക്ക് അതിക്രമം നേരിട്ടത്. അക്രമത്തിനിടെ യുവതിയെ മനഃപ്പൂര്‍വ്വം ശ്വാസംമുട്ടിക്കുകയും, വംശീയമായി അധിക്ഷേപിക്കുകയും, ശാരീരികമായി അക്രമിക്കുകയും, കവര്‍ച്ചയ്ക്ക് ഇരയാക്കുകയും ചെയ്തു. 
പ്രതിയെ ബുധനാഴ്ച ബര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. സ്റ്റോക്ക്‌ലാന്‍ഡ് ഗ്രീനില്‍ നിന്നുള്ള വ്യക്തിയാണ് ആഷ്ബി. അക്രമം സമൂഹത്തില്‍ ജനിപ്പിച്ച ഭയവും, ആശങ്കകളും മനസ്സിലാക്കുന്നതായി വാല്‍സാള്‍ പോലീസ് ചീഫ് സൂപ്രണ്ട് ഫില്‍ ഡോള്‍ബി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച ഓഫീസര്‍മാര്‍ ലോക്കല്‍ നേതാക്കളുമായി സ്ത്രീ സുരക്ഷ സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ഏത് വിധത്തില്‍ ഇടപെടാന്‍ പുരുഷന്‍മാര്‍ക്ക് കഴിയുമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കി, അദ്ദേഹം വ്യക്തമാക്കി.
ഒന്നര മാസത്തിനിടെ ഇന്ത്യന്‍ വംശജര്‍ക്ക് എതിരായ രണ്ടാമത്തെ അക്രമം കൂടിയാണിത്. പ്രത്യേകിച്ച് സിഖ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെയാണ് അക്രമം നടക്കുന്നത്.