
















ആഘോഷ സീസണിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ പതിവിലും നേരത്തെ യുകെ ഹൗസിംഗ് വിപണി മെല്ലെപ്പോക്കില്‍. വാങ്ങാനെത്തുന്നവരുടെ ഡിമാന്‍ഡിന് പുറമെ കരാറിലെത്തിയ വില്‍പ്പനയും കുറവ് രേഖപ്പെടുത്തിയതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
2024-ലെ ശക്തമായ അവസാന പാദമാണ് ഈ വാര്‍ഷിക ഇടിവിന് ഒരു സംഭാവന നല്‍കിയത്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ അവസാനിക്കുന്നതിന് മുന്‍പ് വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ആളുകള്‍ ആ ഘട്ടത്തില്‍ തിരക്കുപിടിച്ചിരുന്നു. ഓട്ടം ബജറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങളാണ് വില്‍പ്പനയെ ബാധിക്കുന്ന മറ്റൊരു സവിശേഷ വിഷയം.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നിരക്കില്‍ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. സ്‌കോട്ട്‌ലണ്ട്, യോര്‍ക്ക്ഷയര്‍, ഹാംബര്‍, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ശക്തമായ വില്‍പ്പന നടക്കുന്നതായി സൂപ്ല വ്യക്തമാക്കി. വെയില്‍സ്, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട്, ലണ്ടന്‍ എന്നിവിടങ്ങളില്‍ പുതിയ വില്‍പ്പന അംഗീകരിക്കുന്നതില്‍ കുത്തനെ കുറവ് വന്നിട്ടുണ്ട്.
ഇംഗ്ലണ്ടിലെ സൗത്ത് മേഖലകൡ ഭവനവില വളര്‍ച്ച സ്തംഭനാവസ്ഥയില്‍ എത്തിയതായും സൂപ്ല പറയുന്നു. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, ഇംഗ്ലണ്ടിലെ നോര്‍ത്ത് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വില വര്‍ദ്ധന മികച്ച രീതിയിലാണ്. നേര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഭവനവില വര്‍ദ്ധന 7.6 ശതമാനത്തിലാണ്.
ബജറ്റില്‍ റേച്ചല്‍ റീവ്‌സ് ഭവനഉടമകള്‍ക്കെതിരെ വടിയെടുക്കുമെന്നാണ് സൂചന. ഏത് വിധത്തിലാണ് നികുതികള്‍ വര്‍ദ്ധിക്കുകയെന്ന് വ്യക്തമാകുന്നത് വരെ മെല്ലെപ്പോക്ക് തുടരുമെന്നും കരുതുന്നു.