
















പാലക്കാട് പെരുങ്ങോട്ടുകുറിശ്ശിയിലെ തോല്‍വിയില്‍ സിപിഐഎമ്മിനെ പഴിച്ച് മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥ്. സിപിഐഎമ്മിലെ തര്‍ക്കങ്ങള്‍ കാരണം ചിലയിടങ്ങളില്‍ സാമുദായിക പ്രശ്‌നങ്ങള്‍ വരെയുണ്ടായെന്നും താന്‍ ഉള്‍പ്പെടെ മത്സരിച്ച വാര്‍ഡുകളില്‍ അത് പ്രതിഫലിച്ചുവെന്നും ഗോപിനാഥ് വ്യക്തമാക്കി.
സിപിഐഎമ്മിനകത്ത് നിന്ന് തന്നെ പലയിടങ്ങളിലും വിമത സ്ഥാനാര്‍ത്ഥികളെ പ്രൊമോട്ട് ചെയ്തു. എല്‍ഡിഎഫ് മുന്നണിയുമായി മുന്നോട്ടു പോകുന്നതില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങോട്ടുകുറുശ്ശിയില്‍ ഇത്തവണ എ വി ഗോപിനാഥ് ഉള്‍പ്പെടുന്ന എല്‍ഡിഎഫ് മുന്നണിക്ക് 8 സീറ്റ് മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്കാണ് തോറ്റത്.
പെരുങ്ങോട്ടുകുറിശ്ശിയിലെ ഏഴാം വാര്‍ഡിലായിരുന്നു എ വി ഗോപിനാഥ് മത്സരിച്ചത്. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറിശ്ശിയില്‍ അവസാനം കുറിക്കുമെന്ന് പറഞ്ഞായിരുന്നു എ വി ഗോപിനാഥ് മത്സരിക്കാന്‍ ഇറങ്ങിയത്. 2009 മുതല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായി അകലം പാലിച്ചിരുന്നെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസില്‍ നിന്നും എ വി ഗോപിനാഥ് ഒഴിഞ്ഞത്.