
















നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാള്‍ സലീമിന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്
വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി ഇനി പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠന്‍ പതിനഞ്ചര വര്‍ഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വര്‍ഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വര്‍ഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വര്‍ഷം എന്നിങ്ങനെയാണ് മറ്റ് പ്രതിക അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.