
















ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഡിഐജിക്കെതിരെ വിജിലന്‍സ് കേസെടുത്തതില്‍ പ്രതികരിച്ച് കെ കെ രമ. കൊലക്കേസിന് ശിക്ഷിച്ച് ജീവപര്യന്തം തടവിന് ജയിലില്‍ കഴിയുന്ന കൊടി സുനിക്കും സംഘത്തിനും ജയില്‍ ഡിഐജിക്ക് കൈക്കൂലി കൊടുക്കാന്‍ മാത്രം പണം എവിടെ നിന്നാണ് കിട്ടുന്നതെന്ന് രമ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമയുടെ പ്രതികരണം. പണം വാങ്ങി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പണം വാങ്ങിയെന്നും കണ്ടെത്തിയത്തുടര്‍ന്നായിരുന്നു ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന്റെ പേരില്‍ വിജിലന്‍സ് കേസെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു നടപടി.
രാഷ്ട്രീയകൊലപാതകങ്ങളിലെ പ്രതികള്‍ക്കും മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്കും നിരന്തരം സഹായം ചെയ്തു, അനുകൂല റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി പരോള്‍ അനുവദിച്ചു എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകളാണ് വിനോദ് കുമാറിനെതിരെയുള്ളത്. 12 തടവുകാരുടെ ഉറ്റവരില്‍ നിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് പണം വാങ്ങി സഹായം ചെയ്തുവെന്നും വിജിലന്‍സ് കണ്ടെത്തി.
ഗൂഗിള്‍പേ വഴിയും ഇടനിലക്കാരന്‍ വഴിയുമാണ് വിനോദ് കുമാര്‍ പണം വാങ്ങിയിരുന്നത്. വിയ്യൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇടനിലക്കാരന്‍. അനധികൃതസ്വത്തു സമ്പാദനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.