
















ഫ്‌ളൂ കേസുകള്‍ സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ അല്‍പ്പം ആശ്വാസം. ഈയാഴ്ച ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍' തുടരുകയാണ്. റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കും, ഫ്‌ളൂ ഉള്‍പ്പെടെ വിന്റര്‍ വൈറസുകള്‍ ഒഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്.
കഴിഞ്ഞ ആഴ്ചയുടെ അവസാനം ഫ്‌ളൂ കേസുകള്‍ 3140 എന്ന സംഖ്യയിലാണ് എത്തിയത്. സാധാരണ ഈ സമയത്തേക്കാള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കണക്കുകള്‍. ഒരാഴ്ച മുന്‍പത്തേക്കാള്‍ 18% കൂടുതലുമാണ് രോഗികളുടെ എണ്ണം.
കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും ആശ്വാസത്തിന് വകയുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. 'ആശുപത്രികളിലെ ഫ്‌ളൂ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. നോര്‍ത്ത് വെസ്റ്റിലെ ആശുപത്രികളില്‍ കഴിഞ്ഞ ആഴ്ച 4 ശതമാനം വരെ കേസുകള്‍ താഴ്ന്നു', എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.
ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുകളും, പ്രായമായവരെയും, രോഗസാധ്യത ഉയര്‍ന്നവരെയും സംരക്ഷിക്കാനായി പൊതുജനങ്ങള്‍ കൈക്കൊള്ളുന്ന നടപടികളും ചേര്‍ന്നാണ് രോഗികളുടെ എണ്ണം കൂടുന്നതില്‍ ഇടിവ് വന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി.
രൂപമാറ്റം വന്ന സ്‌ട്രെയിനാണ് ഇക്കുറി ഫ്‌ളൂ കേസുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയത്. കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ സ്വയം പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടരുകയാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നിലപാട്. 26% ശമ്പളവര്‍ദ്ധനവാണ് ഇവരുടെ പ്രധാന ആവശ്യം.