
















ജെന്‍സി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശില്‍ കലാപം. മതനിന്ദ ആരോപിച്ച് ഭലുക ഉപസിലയിലെ ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ ജീവനക്കാരനായിരുന്നു ദിപു ചന്ദ്ര ദാസെന്ന് ബംഗ്ലാദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അക്രമത്തെ അപലപിച്ചു . 'പുതിയ ബംഗ്ലാദേശില്‍ ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന്' ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്നും അറിയിച്ചു.
പ്രവാചകനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ ഒരു കൂട്ടം പ്രദേശവാസികള്‍ ദിപു ചന്ദ്ര ദാസിനെ ആക്രമിച്ചത്- 'മൈമെന്‍സിംഗില്‍ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. പുതിയ ബംഗ്ലാദേശില്‍ ഇത്തരത്തിലുള്ള അക്രമത്തിന് സ്ഥാനമില്ല. ഈ ക്രൂരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ല'- എന്നാണ് ഇടക്കാല സര്‍ക്കാര്‍ അറിയിച്ചത്.
ചില ഒറ്റപ്പെട്ട തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇടക്കാല സര്‍ക്കാര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.