CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 59 Seconds Ago
Breaking Now

സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

രാവിലെ എട്ട് മണിക്ക് സലിം കുമാറിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് പറവൂര്‍ ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും.

 സലിം കുമാര്‍ ഇനി ചിരിയോര്‍മ. 

രാവിലെ എട്ട് മണിക്ക് സലിം കുമാറിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് പറവൂര്‍ ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. ഒരുമണിവരെ പൊതുദര്‍ശനം. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ ഭൗതികദേഹം സംസ്‌കരിക്കും. ഇന്നലെയാണ് അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സലിം കുമാര്‍ വിടപറഞ്ഞത്. നേരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാര്‍ ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു.

മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ സലിം കുമാര്‍ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ല്‍ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. 2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ കറുത്ത ജൂതന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളില്‍ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കറുത്ത ജൂതന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത് സലിം കുമാറായിരുന്നു.

2000 മുതല്‍ 2005 വരെയുള്ള കാലയളവായിരുന്നു സലിം കുമാറെന്ന അഭിനേതാവിന്റെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. തെങ്കാശി പട്ടണത്തിലെ കള്ളന്‍, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളി എന്നും നെഞ്ചോടു ചേര്‍ക്കുന്ന കഥാപാത്രങ്ങള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളുടെ പട്ടികയിലേക്കു സലിംകുമാറിനെ എത്തിച്ചു.

ഹാസ്യവേഷം മാത്രമല്ല കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്ന് സലിംകുമാര്‍ തെളിയിച്ച കാലമായിരുന്നു പിന്നീട്. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടായിരുന്നു ഇതിനു തുടക്കം. ചിത്രത്തിലെ സാമുവല്‍ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാറിനു നേടികൊടുത്തു.

1969 ഒക്ടോബര്‍ പത്തിന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കര എസ്എന്‍എം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജില്‍ ബിരുദ പഠനത്തിനിടെ എംജി സര്‍വകലാശാല കലോത്സവത്തില്‍ മിമിക്രി മത്സരത്തില്‍ മൂന്ന് തവണ വിജയിയായി.

അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിന്‍ കലാഭവനില്‍ എത്താനായത് സലിം കുമാറിന്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമായുന്ന മുഖവും പ്രത്യേക ചിരിയുമായി സലിംകുമാര്‍ ആരാധകരെ കൈയ്യിലെടുത്തു. കോമിക്കോള എന്ന ടെലിവിഷന്‍ ഹാസ്യപരിപാടിയിലെ പ്രകടനം വെള്ളിത്തിരയിലേക്കു വഴിതുറന്നു. സുനിതയാണ് ഭാര്യ. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.