Breaking Now

തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍ ഇന്നു വയനാടന്‍ കാട്ടിലിറങ്ങും

മാവോയിസ്‌റ്റ്‌ തീവ്രാദികളെ പിടികൂടാന്‍ കേരളപോലീസിന്റെ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍ ഇന്ന്‌ വയനാടന്‍ കാട്ടിലിറങ്ങും.

പോലീസ്‌ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടിന്റെ രണ്ടു പ്ലാറ്റൂണ്‍ ഇന്നലെ രാത്രി എത്തിക്കഴിഞ്ഞു. തിരുവനന്തപുരത്തുനിന്നുള്ള 60 അംഗ സംഘമാണ്‌ വനത്തില്‍ പ്രവേശിക്കുന്നതെന്നു വയനാട്‌ എസ്‌.പി: എ.വി. ജോര്‍ജ്‌ പറഞ്ഞു. വനത്തിലടക്കം ദുര്‍ഘട പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്താന്‍ പ്രത്യേക പരിശീലനം സിദ്ധിച്ചവരാണു തണ്ടര്‍ബോള്‍ട്ടുകള്‍. ആധുനിക ആയുധങ്ങളും മറ്റു സജ്‌ജീകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്‌. അതിനിടെ, കേന്ദ്ര- സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മാനന്തവാടിയില്‍ യോഗം ചേര്‍ന്നു സ്‌ഥിതിഗതികള്‍ വിലയിരുത്തി.
അതിര്‍ത്തി വനങ്ങള്‍ അരിച്ചുപെറുക്കുന്ന പോലീസ്‌ സംഘം കണ്ണൂര്‍ ചെറുപുഴയില്‍നിന്ന്‌ 16 കിലോമീറ്റര്‍ അകലെയുള്ള കാനംവയല്‍ മേഖലയില്‍ ഇന്നലെ വീണ്ടും തെരച്ചില്‍ നടത്തി. ചെറുപുഴ-പുളിങ്ങോം വനാതിര്‍ത്തിയിലെ മാങ്കുണ്ടിയിലെ എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണു മാവോയിസ്‌റ്റുകള്‍ തടഞ്ഞുവച്ചത്‌. വയനാടു തലപ്പുഴയില്‍ കഴിഞ്ഞദിവസം മാവോയിസ്‌റ്റുകളെ കണ്ടതായി സ്‌ഥിരീകരിക്കാത്ത വിവരവുമുണ്ട്‌.
കര്‍ണാടക വനപാലകരില്‍നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍ തീവ്രവാദിസംഘത്തിന്റെ പക്കലുള്ളത്‌ അന്വേഷണ സംഘത്തിന്‌ ഭീഷണിയായിരിക്കുകയാണ്‌. കണ്ണൂര്‍, വയനാട്‌ വനാതിര്‍ത്തിപ്രദേശങ്ങളിലെ എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കണ്ണൂര്‍ ജില്ലയില്‍ ആറളം, കരിക്കോട്ടക്കരി, ഇരിട്ടി, കണ്ണവം, വയനാട്ടില്‍ തിരുനെല്ലി, തലപ്പുഴ, പുല്‍പ്പള്ളി പോലീസ്‌ സ്‌റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. വയനാട്ടിലെ ഏതാനും പോലീസ്‌ സ്‌റ്റേഷനുകള്‍ക്കു നേരേ മാവോയിസ്‌റ്റ്‌ ആക്രമണമുണ്ടായേക്കാമെന്നു മുന്നറിയിപ്പുണ്ട്‌.
കണ്ണൂര്‍ എ.എസ്‌.പി യദീഷ്‌ ചന്ദ്രയുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന പോലീസ്‌ സംഘമാണു കാനംവയല്‍ മുതല്‍ മാങ്കുണ്ടി എസ്‌റ്റേറ്റ്‌ വരെയുള്ള കര്‍ണാടക വനഭാഗത്ത്‌ തെരച്ചില്‍ നടത്തിയത്‌. കണ്ണൂര്‍ ഡിെവെ.എസ്‌.പിയും മൂന്നു സി.ഐമാരും കമാന്‍ഡോകളും ഉള്‍പ്പെട്ടതാണു പോലീസ്‌ സംഘം. കര്‍ണാടകയുടെ നക്‌സല്‍വിരുദ്ധ വിഭാഗവും കമാന്‍ഡോകളും വാഗമണ്ഡലം, കാവേരി, തലക്കാവേരി, മടിക്കേരി, മുണ്ടറോട്ട്‌ ഭാഗങ്ങളില്‍ രാവും പകലും തെരച്ചില്‍ തുടരുകയാണ്‌.
മഫ്‌തിയിലും അല്ലാതെയുമായി നിരവധി ഉദ്യോഗസ്‌ഥരെ അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്‌. വനത്തിലും അതിര്‍ത്തിയിലുമുള്ള ആദിവാസി കോളനികള്‍ നിരീക്ഷണത്തിലാണ്‌. തമിഴ്‌നാട്‌, കര്‍ണാടക വനങ്ങളാണു വയനാടിന്റെ അതിര്‍ത്തിയിലുള്ളത്‌. അതിര്‍ത്തികള്‍ മുഴുവന്‍ നിയന്ത്രണത്തിലാക്കാനാണു പോലീസിന്റെ നീക്കം. അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ പോലീസ്‌ പ്രത്യേകം പരിശോധിക്കുന്നുണ്ട്‌.
ഏതാനും ആഴ്‌ച മുന്‍പ്‌ കര്‍ണാടകയിലെ ഗുണ്ടറ ഫോറസ്‌റ്റ്‌ ഓഫീസില്‍നിന്നു തോക്ക്‌ കാണാതായിരുന്നു. ഇതിനു പിന്നില്‍ മാവോയിസ്‌റ്റുകളാണെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു. മാങ്കുണ്ടിയില്‍ സായുധ സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ്‌ അവര്‍ ഈ സംശയം പ്രകടിപ്പിച്ചത്‌. പട്ടാളവേഷത്തിലായിരുന്ന സംഘത്തിലെ ഒരാള്‍ മലയാളത്തിലാണു സംസാരിച്ചതെന്നു തൊഴിലാളികള്‍ പോലീസിനോടു വെളിപ്പെടുത്തി.
സംഭവം നടന്നു രണ്ടാഴ്‌ചയ്‌ക്കുശേഷമാണു വിവരം പുറത്തറിയുന്നത്‌. നക്‌സല്‍ വേട്ടയ്‌ക്കെത്തിയ കര്‍ണാടക പോലീസിനോടാണു തൊഴിലാളികള്‍ വിവരം പറഞ്ഞത്‌. തുടര്‍ന്ന്‌ കര്‍ണാടക പോലീസ്‌ കണ്ണൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.