അമേരിക്കയെ ഞെട്ടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയെ പൊതുവേദിയില്‍ വെടിവെച്ച് കൊലപ്പെടുത്തി. കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റും, എഴുത്തുകാരനുമായ 31-കാരന്‍ ചാര്‍ലി കിര്‍ക്കിനെയാണ് ഉട്ടയിലെ വേദിയില്‍ ഇരിക്കവെ വെടിവെച്ചത്.
ഒരൊറ്റ ബുള്ളറ്റ് കിര്‍ക്കിന്റെ കഴുത്ത് തുളച്ചുകയറുകയും, വേദിയില്‍ മറിഞ്ഞ് വീഴുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തവെയാണ് അക്രമസംഭവം.
ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. വെടിവെച്ച അക്രമിയെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൃത്യമായി ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കൊലപാതകമെന്നാണ് സംഭവത്തെ അധികൃതര്‍ വിശേഷിപ്പിക്കുന്നത്. ഒരൊറ്റ ഷോട്ട് മാത്രമാണ് ഉതിര്‍ത്തിട്ടുള്ളത്.
കണ്‍സര്‍വേറ്റീവ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകന്‍ കൂടിയായ കിര്‍ക്ക് കടുത്ത ഭാഷയില്‍ പ്രസംഗിക്കുന്ന വ്യക്തിയുമായിരുന്നു. അതേസമയം തോക്കുകളെ അനുകൂലിച്ചിരുന്ന ആക്ടിവിസ്റ്റ് ഉട്ടാ വേദിയില്‍ വെടിവെപ്പുകളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ ജീവനെടുത്ത ഷോട്ട് തേടിയെത്തിയത്.
വേദിയില്‍ നിന്നും കുറച്ച് മാറി ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ അക്രമിയെന്ന് കരുതുന്ന ഒരാള്‍ കിടക്കുന്നതും, വെടിവെപ്പിന് ശേഷം തിടുക്കത്തില്‍ ഓടുന്നതുമായ ദൃശ്യങ്ങള്‍ ഇതിനിടെ പുറത്തുവന്നു. യൂണിവേഴ്‌സിറ്റി പരിപാടിക്ക് യാതൊരു സുരക്ഷാ നടപടിയും ഒരുക്കിയിരുന്നില്ല. ഏകദേശം 3000 പേര്‍ പങ്കെടുത്ത പരിപാടിയ്ക്കായി കേവലം ആറ് ഓഫീസര്‍മാരാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് യൂണിവേഴ്‌സിറ്റി പോലീസ് പറഞ്ഞു.