CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes Ago
Breaking Now

ഇമിഗ്രേഷന്‍ നിയന്ത്രണം കടുപ്പിക്കുന്നത് സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് ഇരുട്ടടി; എന്‍എച്ച്എസ് ബില്ലുകള്‍ക്കായി ഇരട്ടി ചെലവ് വേണ്ടിവരുമെന്ന് ആശങ്ക; ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ യോഗ്യതാ കാലയളവ് ഉയര്‍ത്തുന്നത് ഇന്ത്യന്‍ ജോലിക്കാര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാകും

യുകെയില്‍ സെറ്റില്‍മെന്റ് നേടുന്ന ആദ്യ മൂന്ന് പൗരത്വ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്

യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാനുള്ള യോഗ്യതാ കാലാവധി വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് ലേബര്‍ ഗവണ്‍മെന്റ്. ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം ഫലത്തില്‍ യുകെയിലുള്ള കുടിയേറ്റ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്. 

എന്‍എച്ച്എസ് കെയറിന് വേണ്ടി കുടിയേറ്റ ജോലിക്കാര്‍ ഇരട്ടി പണം ചെലവാക്കേണ്ടി വരുമെന്ന് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ആയിരക്കണക്കിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി പത്ത് വര്‍ഷവും അതിന് അപ്പുറവും ഇരട്ടി ചെലവ് നേരിടുക. 

ഐഎല്‍ആറിന് പുറമെ പൗരത്വത്തിലേക്ക് നയിക്കുന്ന യോഗ്യതാ കാലയളവും ഉയര്‍ത്താന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് വര്‍ഷമാണ് സെറ്റില്‍മെന്റ് പരിധി. ഈ സമയത്ത് എന്‍എച്ച്എസ് കെയറിനായി ഒരു വര്‍ഷം 1035 പൗണ്ടോളമാണ് നല്‍കേണ്ടത്. ഇതിന് പുറമെ സ്‌കില്‍ഡ് ജീവനക്കാര്‍ രാജ്യത്ത് നികുതിയും അടയ്ക്കുന്നു. ആയിരക്കണക്കിന് വരുന്ന വിസാ ചെലവുകള്‍ക്ക് പുറമെയാണിത്. 

മേയ് മാസത്തില്‍ യുകെ അപരിചിതരുടെ ദ്വീപായി മാറുന്നത് ഒഴിവാക്കാനെന്ന ആമുഖത്തോടെ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തിലാണ് സെറ്റില്‍മെന്റ് നേടാനുള്ള യോഗ്യതാ കാലയളവ് 10 വര്‍ഷത്തിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. പുതിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ഈ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സാധ്യത. 

യുകെയില്‍ സെറ്റില്‍മെന്റ് നേടുന്ന ആദ്യ മൂന്ന് പൗരത്വ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കം നടപ്പായാല്‍ യുകെയിലുള്ള ഇന്ത്യന്‍ സ്‌കില്‍ഡ് ജോലിക്കാരെ ഇത് സാരമായി ബാധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.