എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ഇടനാഴി പരിചരണം ഒരു സാധാരണ കാര്യമായി മാറുന്നുവെന്ന് വിദഗ്ധര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അഞ്ചിലൊന്ന് രോഗികള്‍ക്കും ഇത്തരം അസൗകര്യങ്ങളില്‍ കാത്തിരിക്കേണ്ടി വരുന്നതായാണ് ദേശീയ സര്‍വ്വെ കണ്ടെത്തിയത്.
ആശുപത്രിയില്‍ പ്രവേശനം നേടുന്ന 10 ശതമാനത്തോളം രോഗികള്‍ക്കും ഇതിനായി 24 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 17.5% രോഗികള്‍ക്ക് 12 മുതല്‍ 24 മണിക്കൂര്‍ വരെയും കാത്തിരിക്കേണ്ടി വന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പകുതിയിലേറെ രോഗികള്‍ക്ക് ആറ് മണിക്കൂറിലേറെയും കാത്തിരിപ്പ് വേണ്ടിവന്നു.
പകുതിയോളം രോഗികള്‍ ട്രീറ്റ്‌മെന്റ് ബേയില്‍ കാത്തിരിക്കാന്‍ അവസരം കിട്ടിയപ്പോള്‍, 18 ശതമാനം ആളുകള്‍ കോറിഡോറിലും, 31% വെയ്റ്റിംഗ് റൂമിലും, 1% സ്‌റ്റോറേജ് റൂമിലോ, കബോര്‍ഡിലോ കാത്തിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലെ കണക്ക് പ്രകാരമാണ് ഈ അവസ്ഥ വെളിച്ചത്ത് വരുന്നത്.
എന്നാല്‍ ട്രോളികളിലെ കാത്തിരിപ്പ് ഖേദകരമാണെന്നും, ഒരു കാരണവശാലും സാധാരണ കാര്യമായി മാറരുതെന്നും സിക്യുസി ചീഫ് ഇന്‍സ്‌പെക്ടര്‍ ഹോസ്പിറ്റല്‍സ് ഡോ. ടോളി ഒണോണ്‍ പറഞ്ഞു. മെച്ചപ്പെടലുകള്‍ കാണുന്നുണ്ടെങ്കിലും ദീര്‍ഘമായ കാത്തിരിപ്പും, ഇതിന്റെ ഫലമായി രോഗികളുടെ ആരോഗ്യം മോശമാകുന്നതും ആശങ്കപ്പെടുത്തുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.