യുകെയില്‍ ആത്മഹത്യാ ക്ലിനിക്കുകള്‍ക്ക് ആരംഭിക്കണമെന്ന് അവസാന ആഗ്രഹം പങ്കുവെച്ച് കടുത്ത രോഗബാധിതനായ ബ്രിട്ടീഷുകാരന്‍ ഡിഗ്നിറ്റാസില്‍ ജീവന്‍ അവസാനിപ്പിക്കാനായി യാത്രക്ക് ഒരുങ്ങി. 2015-ല്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച റിച്ചാര്‍ഡ് സെല്ലിയാണ് സ്വിറ്റ്‌സര്‍ലണ്ടിലെ ആത്മഹത്യാ ക്ലിനിക്കില്‍ ജീവന്‍ അവസാനിപ്പിക്കുന്നത്. നിയമമാറ്റത്തിന് കാത്തുനില്‍ക്കാന്‍ തനിക്ക് സമയമില്ലെങ്കിലും കടുത്ത രോഗങ്ങളില്‍ പെട്ടവര്‍ക്ക് സമാധാനമായി മരിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് മുന്‍ ഹെഡ് ടീച്ചറായ 65-കാരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്‌കോട്ട്‌ലണ്ടിലേയും, വെസ്റ്റ്മിന്‍സ്റ്ററിലെയും രാഷ്ട്രീയക്കാരുടെ കനിവ് തേടിയ റിച്ചാര്‍ഡ് സെല്ലി സമാനമായ അവസ്ഥയില്‍ നരകിക്കുന്നവര്‍ക്ക് വീടുകളില്‍ തന്നെ ജീവന്‍ അവസാനിപ്പിക്കാന്‍ അവസരം നല്‍കണമെന്നാണ് വാദിച്ചത്. സ്വിറ്റ്‌സര്‍ലണ്ടില്‍ തീരുമാനിച്ച് ഉറപ്പിച്ച മരണത്തിന് മുന്‍പുള്ള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈസ്റ്റ് ലോത്തിയാനിലെ ലോറെറ്റോ ജൂനിയര്‍ സ്‌കൂളിലെ മുന്‍ മേധാവിയാണ് ഇദ്ദേഹം. അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് പിന്തുണ നല്‍കാന്‍ എല്ലാ എംഎസ്പികളോടും അദ്ദേഹം ആവശ്യപ്പെട്ടു.
'ഭാവിയിലെങ്കിലും ഇത് നടക്കുമെന്നാണ് പ്രതീക്ഷ. നിയമ മാറ്റത്തിനുള്ള സമയമായെന്നാണ് എന്റെ ചിന്ത. എനിക്ക് കാത്തിരിക്കാന്‍ സമയമില്ലെങ്കില്‍ ഭാവിയില്‍ ഇതുപോലെ മറ്റുചിലര്‍ക്ക് നിയമം ഉപകാരപ്പെടും. നാല് വര്‍ഷം മുന്‍പ് എംഎന്‍ഡി ബാധിച്ചത് മുതല്‍ നടക്കാനും, സംസാരിക്കാനും, വിഴുങ്ങാനുമുള്ള ശേഷി ഇല്ലാതായി. കൈകളിലെ ശക്തി ഇല്ലാതായി. ഇത്രയും നഷ്ടങ്ങള്‍ ഉണ്ടാകുമ്പോഴും പോസിറ്റീവായി ഇരിക്കാന്‍ ശ്രമിച്ചു. പക്ഷെ യാത്രയുടെ അവസാനം ഇനിയും കാത്തിരിക്കാന്‍ വയ്യെന്നായതോടെയാണ് ഡിഗ്നിറ്റാസിന്റെ സഹായം തേടുന്നത്', റിച്ചാര്‍ഡ് വ്യക്തമാക്കി.
സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അസിസ്റ്റഡ് മരണത്തിന് ബില്ലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പാസായിട്ടില്ല.