നോട്ടിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പി ആര്‍ ഓ യും , നോട്ടിംഗ്ഹാം സെന്റ് ജോന്‍സ് , ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷനുകളുടെ ഡയറക്ടറും ആയ ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂര്‍ത്തിയാക്കി ഫെബ്രുവരി നാലിന് നാട്ടിലേക്ക് മടങ്ങുന്നു . ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് നോട്ടിംഗ്ഹാമിലെ സെന്റ് പോള്‍സ് പള്ളിയില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍ . ആന്റണി ചുണ്ടെലിക്കാട്ട് , വൈസ് ചാന്‍സലര്‍ റെവ.ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ പങ്കെടുക്കുന്ന കൃതജ്ഞതാ ബലിയും , തുടര്‍ന്ന് യാത്രയയപ്പു സമ്മേളനവും നടക്കും .ഈ വിശുദ്ധ ബലിയിലേക്കും യാത്രയയപ്പു സമ്മേളനത്തിലേക്കും യു കെ യിലെ എല്ലാ സീറോ മലബാര്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മറ്റി അറിയിച്ചു .
കേരളത്തില്‍ പാലാ രൂപത അംഗമായ ഫാ. കുന്നക്കാട്ട് 2013 ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി ആണ് യു കെ യില്‍ എത്തിച്ചേര്‍ന്നത് .2013 ല്‍ റെവ . ഫാ. വര്‍ഗീസില്‍ കോന്തുരുത്തി യില്‍നിന്നും , നോട്ടിംഗ് ഹാം ,ഡെര്‍ബി ,മാന്‍സ്ഫീല്‍ഡ് , ഷെഫീല്‍ഡ് ക്ലെഗ്രോസ്സ് എന്നീ അഞ്ചു വിശുദ്ധ കുര്‍ബാന സെന്ററുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ഫാ ബിജു യു കെ യിലെ സീറോ മലബാര്‍ മക്കളുടെ ഇടയില്‍ തന്റെ ശുശ്രൂഷ ആരംഭിച്ചത് . പിന്നീട് മലയാളികള്‍ ഏറെ അധിവസിക്കുന്ന സ്‌കന്തോര്‍പ്പ് , സ്പാല്‍ഡിങ് , ബോസ്റ്റണ്‍ , വാര്‍സോപ്പ് റോതെര്‍ഹാം എന്നീ അഞ്ചു സ്ഥലങ്ങളില്‍ കൂടി വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും തന്റെ ശുശ്രൂഷ വ്യാപിപ്പിക്കുകയും ചെയ്തു . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നിര്‍ദേശാനുസരണം രൂപതയുടെ റീജണുകളുടെയും , പിന്നീട് മിഷനുകളുടെയും രൂപീകരണത്തിനും , സ്ഥാപനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ഉജ്വലമായ നേതൃത്വം നല്‍കിയ ശേഷമാണ് അച്ചന്‍ ഇപ്പോള്‍ മാതൃ രൂപതയായ പാലായിലേക്ക് പുതിയ ദൗത്യവുമായി മടങ്ങുന്നത് . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനവും , അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ മുതല്‍ ഇങ്ങോട്ട് രൂപതയുടെ പി ആര്‍ ഓ എന്ന നിലയില്‍ വളരെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുവാന്‍ കഴിഞ്ഞു എന്നത് അച്ചന്റെ യു കെ യിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെ തിളക്കമാര്‍ന്നവയാണ് . നോട്ടിംഗ്ഹാം കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി എന്ന നിലയില്‍ നോട്ടിംഗ് ഹാം രൂപത അധ്യക്ഷന്മാര്‍ ആയ ബിഷപ് മാല്‍ക്കം , ബിഷപ് പാട്രിക് എന്നിവരുമായി അടുത്തിടപെഴ കുവാനും , അവരുമായുള്ള സ്‌നേഹ സമ്പര്‍ക്കത്തിലൂടെ തന്റെ സേവനമേഖലയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ രൂപത തലത്തില്‍ നിന്നും ലഭ്യമാക്കുവാന്‍ അച്ചന് സാധിച്ചു എന്നത് നോട്ടിങ്ഹാമിലെയും , ഡെര്‍ബിയിലെയും രണ്ടു മിഷനുകളിലും പെട്ട സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യമാണ് . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രൂപീകരണത്തിന് ശേഷം അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ നിര്‍ദേശാനുസരണം എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും , വിശ്വാസ പരിശീലനത്തിനായുള്ള ക്രമീകരണങ്ങള്‍ ,കുടുംബകൂട്ടായ്മ, വാര്ഷികധ്യാനം ,വിമന്‍സ്‌ഫോറം ,ചര്‍ച് ക്വയര്‍ എന്നിവയും , വിവിധ ഭക്ത സംഘടനകള്‍ രൂപീകരിക്കുകയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഏറ്റവും മികച്ച മിഷനുകളില്‍ ഒന്നായി തന്റെ മിഷനുകളെ വളര്‍ത്തികൊണ്ടുവരുവാന്‍ അച്ചന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ നന്ദിയോടെയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത് .
ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രൂപതയുടെ പി ആര്‍ ഓ ആയും , അറിയപ്പെടുന്ന യു കെയിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി ദീര്‍ഘകാലം ആത്മീയ പ്രതിവാര പംക്തികള്‍ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ നിരവധി ആളുകളിലേക്ക് പുത്തന്‍ ചിന്തകളും , ആത്മീയ ഉപദേശങ്ങളും നല്‍കുവാനും അച്ചന് കഴിഞ്ഞു .
പാലാ രൂപത വാക്കാട് സെന്റ് പോള്‍സ് ഇടവക അംഗമായ ഫാ. ബിജു 2005 ല്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കൈവെയ്പ്പു വഴി പൗരോഹിത്യം സ്വീകരിച്ച ഫാ. ബിജു തന്റെ പതിനാലു വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ ഏഴു വര്ഷം ചിലവഴിച്ചത് നോട്ടിംഗ് ഹാമില്‍ ആണ് .മുട്ടുചിറ , കുറവിലങ്ങാട്,അരുവിത്തറ ഫൊറോനാ , വടകര പള്ളികളില്‍ സേവനമനുഷ്ഠിച്ച ശേഷം തായ്‌ലന്‍ഡില്‍ നിന്നും എം ബി എ പാസായ ശേഷമാണ് 2013 ല്‍ ഡെര്‍ബി യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി അച്ചന്‍ യു കെ യില്‍ എത്തുന്നത് . ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കിയശേഷമാണ് തന്റെ മാതൃ രൂപതയിലേക്കു പുതിയ ശുശ്രൂഷ ദൗത്യവുമായി ഫാ. ബിജു കുന്നക്കാട്ട് മടങ്ങുന്നത് .
ഷൈമോന്‍ തോട്ടുങ്കല്‍