CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 53 Minutes 41 Seconds Ago
Breaking Now

അടച്ചുപൂട്ടലിനിടെ കറങ്ങിയാല്‍ 960 പൗണ്ട് പിഴ; നാട്ടുകാരുടെ തെമ്മാടിത്തം അവസാനിപ്പിക്കാന്‍ യുകെ പോലീസ് അരയും, തലയും മുറുക്കി തെരുവില്‍; നടക്കാന്‍ ഇറങ്ങുന്നവരെ പിന്തുടരാന്‍ ഡ്രോണുകള്‍; യാത്രക്കാരെ തടഞ്ഞ് യാത്രാവിവരം തേടാന്‍ പോലീസ് ചെക്ക്‌പോയിന്റുകള്‍

പ്രതിസന്ധിയെ ഹോളിഡേ ആക്കി മാറ്റുന്നവരെ വെറുതെവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്

കൊറോണാവൈറസ് പകര്‍ച്ചവ്യാധി ജനങ്ങളിലേക്ക് പടര്‍ന്നുപിടിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും ഇതൊരു തമാശയാണ്. പുറത്തിറങ്ങി കറങ്ങാനും, വെയില്‍ കൊള്ളാനും, കൂട്ടുകാരെയും ബന്ധുക്കളെയും കാണാനുള്ള അവധിക്കാലമായി അവര്‍ ഇതിനെ കണക്കാക്കുന്നു. ഇതോടെ വൈറസിന്റെ കാര്യമൊക്കെ മറന്ന് പൊതുറോഡില്‍ അധികൃതര്‍ക്ക് തലവേദനയായി മാറുകയും ചെയ്യുന്നു. എന്തായാലും ഈ നിയമലംഘകരെ ഇനി വെറുതെവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. 

വീടുകളില്‍ തുടരാന്‍ തയ്യാറാകാത്തവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് മന്ത്രിമാര്‍ പോലീസിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സുപ്രധാന ജോലി ചെയ്യുന്ന വ്യക്തിയല്ലെങ്കില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളെ സഹായിക്കാനോ, അവശ്യ വസ്തുക്കള്‍ വാങ്ങാനോ, മരുന്നിനോ വേണ്ടി മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. നിയമം തെറ്റിക്കുന്നവര്‍ക്ക് 960 പൗണ്ട് വരെ പിഴയാണ് പോലീസ് ഈടാക്കുക. ഇതിന് പുറമെയാണ് കൃത്യമായ കാര്യം വ്യക്തമാക്കാതെ കറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനം വരുന്നത്. 

കൊറോണാവൈറസ് പകര്‍ത്താനായി മനഃപ്പൂര്‍വ്വം 999 ജോലിക്കാര്‍ക്ക് നേരെ ചുമക്കുന്ന തെമ്മാടികള്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കുമെന്നാണ് ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ് ഇതിന് പുറമെ വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകളില്‍ ചെക്ക്‌പോയിന്റുകള്‍ സ്ഥാപിച്ച് വാഹനയാത്ര ചെയ്യുന്നവരുടെ യാത്രാവിവരങ്ങള്‍ പോലീസ് ചോദിച്ചറിയാന്‍ തുടങ്ങിയതോടെയാണ് പോലീസിന് ലഭിച്ച പുതിയ അധികാരങ്ങള്‍ പുറത്തറിഞ്ഞത്. 

പ്രതിസന്ധിയെ ഹോളിഡേ ആക്കി മാറ്റുന്നവരെ വെറുതെവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശരിയായ കാരണമില്ലാതെ പുറത്ത് നിന്ന് പിടിച്ചാല്‍ 60 പൗണ്ട് മുതലാണ് പിഴ. കൃത്യമായി അടയ്ക്കാന്‍ തയ്യാറായാല്‍ 30 പൗണ്ടായി കുറയ്ക്കും. തുടര്‍ച്ചയായി നിയമലംഘനം നടത്തിയാല്‍ 960 പൗണ്ട് വരെയാണ് പിഴ. ഇതില്‍ വീഴ്ച വരുത്തിയാല്‍ കാര്യങ്ങള്‍ കോടതിയിലെത്തും, അവിടെ മജിസ്‌ട്രേറ്റുമാര്‍ അനിശ്ചിതമായ പിഴയും പ്രഖ്യാപിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.