
















2026-ല്‍ യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. ബിസിനസ്സ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന രാജ്യത്തെ കമ്പനികളുടെ തകര്‍ച്ച ഇതിലേക്ക് നയിക്കുെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് വര്‍ഷത്തിന്റെ തുടക്കം സുപ്രധാനമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബിസിനസ്സുകള്‍ ട്രിപ്പിള്‍ ആഘാതത്തിന്റെ ചൂടിലാണ്. പലിശ നിരക്ക് കൂടുന്നതും, എനര്‍ജി വിലയിലെ കുതിപ്പും, മിനിമം വേജ് വര്‍ദ്ധനവും ചേര്‍ന്ന് ശരാശരി കമ്പനികളുടെ അന്ത്യം കുറിയ്ക്കുകയാണ് ചെയ്തതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. 
2026 ഒരു വഴിത്തിരിവായി മാറാനുള്ള സാധ്യതകളുണ്ടെന്നും പുതുവര്‍ഷ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദശകങ്ങളായി ഉത്പാദന വളര്‍ച്ച മുരടിച്ച് നില്‍ക്കുന്നതില്‍ നിന്നും മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. മണിക്കൂറിന് നല്‍കുന്ന വേതനം വര്‍ദ്ധിക്കുന്നതിനാല്‍ ജീവിതനിലവാരം ഉയരുന്നതാണ് ഇതില്‍ സുപ്രധാനമായി മാറുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാല്‍ ഉത്പാദനക്ഷമത കുറഞ്ഞ കമ്പനികള്‍ ഇതിനിടയില്‍ പൊട്ടുന്നത് തൊഴിലില്ലായ്മ കുത്തനെ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് മഹാമാരിക്ക് പുറത്ത് ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍ യുകെ നേരിടുന്നത്. ഒക്ടോബറില്‍ 5.1 ശതമാനത്തിലാണ് നില്‍ക്കുന്നത്. പലിശ നിരക്കുകള്‍ 5.25 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷം ഇപ്പോള്‍ 3.75 ശതമാനം വരെ കുറച്ചിട്ടുണ്ട്. എന്നാല്‍ ബിസിനസ്സുകള്‍ക്ക് ഇതും സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.