CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 5 Seconds Ago
Breaking Now

ബോറിസിന്റെ തിരിച്ചുവരവിനായി കൈയടിച്ച് ബ്രിട്ടന്‍; രോഗമുക്തി നേടിയാലും രണ്ട് മാസത്തേക്ക് പ്രധാനമന്ത്രിക്ക് ജോലിയില്‍ മടങ്ങിയെത്താന്‍ കഴിയില്ല; സുപ്രധാന കാലയളവില്‍ യുകെയുടെ സ്റ്റിയറിംഗ് വീല്‍ പിടിക്കുക ഡൊമിനിക് റാബ് തന്നെ!

ഗൈസ് & സെന്റ് തോമസ് ഹോസ്പിറ്റലിലെ സീനിയര്‍ ക്ലിനിഷ്യന്‍ ഡോ. റിച്ചാര്‍ഡ് ലീച്ചാണ് പ്രധാനമന്ത്രിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്

കൊറോണാവൈറസിനെതിരെ ഇന്റന്‍സീവ് കെയറില്‍ പോരാട്ടം നടത്തുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വേണ്ടി കൈയടിച്ചും, പ്രാര്‍ത്ഥിച്ചും ബ്രിട്ടീഷ് ജനത. ഇന്നലെ രാത്രി 8 മണിക്കാണ് 'പ്രേ ഫോര്‍ ബോറിസ്' ദൗത്യം അരങ്ങേറിയത്. എന്നാല്‍ രോഗമുക്തി നേടി മടങ്ങിയാലും ഒന്ന് മുതല്‍ രണ്ട് മാസം വരെ ബോറിസ് ജോണ്‍സണ്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊറോണ ബാധിതനായി ആശുപത്രിയില്‍ മൂന്നാം ദിവസം തികയ്ക്കുമ്പോഴാണ് മടങ്ങിവരവ് എളുപ്പമാകില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്. 

ഇന്റന്‍സീവ് കെയറില്‍ ദീര്‍ഘനാള്‍ കിടക്കുന്നതോടെ മസില്‍ മാസിലും, ശക്തിയിലും കാര്യമായ ശോഷണം സംഭവിക്കുന്നതാണ് ഇതിന് കാരണം. വൈറസിനെതിരെയുള്ള പോരാട്ടം ശാരീരികമായി ഊര്‍ജ്ജം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് ഇവരുടെ പ്രവചനം. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് ബോറിസിന് ഓക്‌സിജന്‍ നല്‍കിയുള്ള പ്രാഥമിക ചികിത്സ നല്‍കുന്നത്. ആഴ്ചകളോളം ബെഡ് റെസ്റ്റ് വേണ്ടിവരുമെന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സ കഴിഞ്ഞെത്തിയവരും ചൂണ്ടിക്കാണിക്കുന്നു. ഇതോടെ മഹാമാരിയെ നേരിടുന്ന യുകെയുടെ പോരാട്ടത്തിന് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് നേതൃത്വം വഹിക്കുമെന്ന് ഉറപ്പായി. 

ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൂടിയായ ഫോറിന്‍ സെക്രട്ടറിയാണ് നിലവില്‍ പ്രധാനമന്ത്രിയുടെ പകരക്കാരനായി വാര്‍ത്താസമ്മേളനത്തില്‍ എത്തുന്നത്. 55-കാരനായ പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് ഉറപ്പുനല്‍കുന്നുണ്ട്. ന്യൂമോണിയ ബാധിക്കാത്തതിനാല്‍ ഇദ്ദേഹത്തിന് വെന്റിലേറ്ററിന്റെ ആവശ്യവും വന്നിട്ടില്ല. തന്റെ ബോസ് ഒരു പോരാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് റാബ് പ്രധാനമന്ത്രി മടങ്ങിവരുമെന്ന് ഉറപ്പ് നല്‍കിയത്. ഇതിനിടെ രാജ്ഞി പ്രധാനമന്ത്രിക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സന്ദേശം അയച്ചു. ഇതിന് പുറമെ അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ പ്രതിശ്രുതവധു കാരി സിമണ്ട്‌സിനും വ്യക്തിപരമായ സന്ദേശം നല്‍കി. 

ഗൈസ് & സെന്റ് തോമസ് ഹോസ്പിറ്റലിലെ സീനിയര്‍ ക്ലിനിഷ്യന്‍ ഡോ. റിച്ചാര്‍ഡ് ലീച്ചാണ് പ്രധാനമന്ത്രിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പ്രധാനമന്ത്രി മുഖ്യ ഉപദേശകന്‍ ഡൊമിനിക് കുമ്മിന്‍സ് സെല്‍ഫ് ഐസൊലേഷനിലാണുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.