CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 13 Seconds Ago
Breaking Now

'ഇങ്ങനെ പോയാല്‍ 27,000 പേര്‍ കൂടി മരിക്കും'; മുന്നറിയിപ്പുമായി മുന്‍ സര്‍ക്കാര്‍ ചീഫ് സയന്റിഫിക് അഡൈ്വസര്‍; നിലവിലെ ഇളവുകള്‍ ഇന്‍ഫെക്ഷന്‍ നിരക്ക് കുറയ്ക്കാന്‍ സഹായിക്കില്ല; 22 കൊവിഡ് മരണങ്ങള്‍ മാത്രമായി ഒരു ഞായറാഴ്ച

ഇംഗ്ലണ്ടില്‍ ഇന്‍ഫെക്ഷന്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും സ്‌കോട്ട്‌ലണ്ട്, അയര്‍ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങള്‍ നെറ്റ് സീറോയിലേക്ക് നീങ്ങുകയാണ്

22 പേര്‍ മാത്രം കൊവിഡ്-19 ഇരകളായെന്ന് സ്ഥിരീകരിച്ച ഞായറാഴ്ചയുമായി ബ്രിട്ടന്‍. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് മരണനിരക്കാണിത്. കെയര്‍ ഹോം മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ചേര്‍ന്നതോടെ യുകെ മരണസംഖ്യ 44,220 ആയി. സര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം 10,000 പേരെങ്കിലും അധികമായി മരിച്ചിരിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റിംഗ് നടത്താത്തത് കൊണ്ട് ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ്-19 ഇടംപിടിക്കില്ലെന്ന് മാത്രം. 

516 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസ്റ്റീവ് കേസുകള്‍ 285,416 എത്തി. യുകെയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ചെറിയ മരണസംഖ്യയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ജൂണ്‍ 22ന് 15 മരണങ്ങള്‍ രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ സംഖ്യ. ഇംഗ്ലണ്ടില്‍ സാമൂഹിക അകലത്തിലും മറ്റ് നിബന്ധനകളിലും ഏറ്റവും വലിയ ഇളവുകള്‍ അനുവദിച്ച ശേഷമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

എന്നാല്‍ അടുത്ത ഏപ്രില്‍ മാസത്തിനകം 27,000 അധിക മരണങ്ങളെ ക്ഷണിച്ച് വരുത്തലാണ് നിലവിലെ സര്‍ക്കാര്‍ നിലപാടുകളെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് സയന്റിഫിക് അഡൈ്വസര്‍ ആരോപിച്ചു. ഇന്‍ഫെക്ഷന്‍ നിരക്ക് പൂജ്യത്തില്‍ എത്തിക്കാന്‍ മന്ത്രിമാര്‍ ശ്രമിച്ചില്ലെങ്കില്‍ ഇത് സംഭവിക്കുമെന്ന് സര്‍ ഡേവിഡ് കിംഗ് വാദിക്കുന്നു. നിലവില്‍ മാരകമായ മഹാമാരിയെ കൈകാര്യം ചെയ്യാനുള്ള നിലപാടുകള്‍ മരണനിരക്ക് ഉയര്‍ത്തുമെന്നാണ് കിംഗിന്റെ വാദം. ഇംഗ്ലണ്ടില്‍ പ്രതിദിനം 3000 പേര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടുന്നതായാണ് കണക്ക്. ഈ നിരക്ക് 'നിലനിര്‍ത്തുന്ന' തരത്തിലാണ് സര്‍ക്കാര്‍ നിലപാടെന്നും കിംഗ് പരിഹസിച്ചു. 

സീറോ കൊറോണാവൈറസ് കേസുകളെന്നതാകണം ലക്ഷ്യമെന്ന് കിംഗ് ആവശ്യപ്പെട്ടു. ട്രാന്‍സ്മിഷന്‍ കുറയ്ക്കാന്‍ കസ്റ്റമേഴ്‌സിന് ഔട്ട്‌ഡോറില്‍ മാത്രം മദ്യം വിളമ്പാന്‍ അദ്ദേഹം പബ്ബുകളെ ഉപദേശിച്ചു. സാമ്പത്തിക തിരിച്ചുവരവിന് ഇളവുകള്‍ അനിവാര്യമാണെന്ന വാദങ്ങള്‍ സമ്മതിക്കുന്നുണ്ടെങ്കിലും സീറോ കൊവിഡ് രേഖപ്പെടുത്തിയാല്‍ യുകെ മുഴുവന്‍ അതിവേഗത്തില്‍ സാമ്പത്തികമായി തിരിച്ചുവരുമെന്നും കിംഗ് ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ടില്‍ ഇന്‍ഫെക്ഷന്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും സ്‌കോട്ട്‌ലണ്ട്, അയര്‍ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങള്‍ നെറ്റ് സീറോയിലേക്ക് നീങ്ങുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.