CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 52 Seconds Ago
Breaking Now

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് തട്ടിപ്പ്; യുകെ ടിയര്‍ 4 വിസ വിദ്യാര്‍ത്ഥികള്‍ പോരാട്ടം ശക്തിപ്പെടുത്തുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നീതി തേടി രംഗത്ത്; യുകെ നീതിദേവത ഈ വിദ്യാര്‍ത്ഥികളുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുമ്പോള്‍

2011 മുതല്‍ 2014 വരെ ടെസ്റ്റ് എടുത്ത 58,458 വിദ്യാര്‍ത്ഥികളില്‍ 34000 പേരെങ്കിലും തട്ടിപ്പ് കാണിച്ചെന്നാണ് ഹോം ഓഫീസിന്റെ വാദം

യുകെയിലെ കോടതികളില്‍ എല്ലാം സത്യസന്ധവും, നീതി ഉറപ്പാക്കുകയും ചെയ്യുന്നുവെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് തെറ്റിദ്ധാരണ മാത്രമാണെന്ന് തെളിയിക്കുന്നതായി ടിയര്‍ 4 സ്റ്റുഡന്റ് വിസ കുരുക്കില്‍ പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ദുരിതം. ഐഇഎല്‍ടിഎസ് പരീക്ഷാ തട്ടിപ്പിന്റെ പേരില്‍ ഒരു തലമുറ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ വിസയും റദ്ദാക്കിയപ്പോള്‍ യാതൊരു തെറ്റും ചെയ്യാതെ കള്ളന്‍മാരായി മാറിയവരാണ് ഇപ്പോള്‍ നീതി തേടി പോരാട്ടം ശക്തമാക്കുന്നത്. 

ബെയിം കുടിയേറ്റക്കാര്‍ യുകെ നീതിന്യായ വ്യവസ്ഥയില്‍ നേരിടുന്ന അസമത്വത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവം വിവരിക്കുന്നത്. ടിയര്‍ 4 വിസ വിദ്യാര്‍ത്ഥികളെല്ലാം തട്ടിപ്പ് നടത്തിയെന്ന് ഹോം ഓഫീസും, കോടതിയും വിധിക്കുമ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യം എത്രത്തോളം ഉണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. വിന്‍ഡ്‌റഷ് സംഭവങ്ങള്‍ ഹോം ഓഫീസിന്റെ വീഴ്ചകളുടെ ആഴം വ്യക്തമാക്കാന്‍ നമുക്ക് മുന്നില്‍ ഉദാഹരണമായി ബാക്കിയുണ്ട്. ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ തട്ടിപ്പ് ആരോപണം ഉയര്‍ന്നതോടെയാണ് ഒരുകൂട്ടം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ യുകെ ടിയര്‍ 4 വിസ റദ്ദാക്കപ്പെട്ടത്. 

വിസ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ കുറ്റം ചാര്‍ത്തി അയോഗ്യത കല്‍പ്പിച്ച നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2014-ല്‍ ബിബിസി പനോരമ അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് അന്നത്തെ ഹോം സെക്രട്ടറി തെരേസ മേയ് ഇഎല്‍ടി'എസുകളും, 34000 ടിയര്‍ 4 വിസകളും റദ്ദാക്കിയത്. സംഭവത്തെത്തുടര്‍ന്ന് ഏകദേശം 1000 വിദ്യാര്‍ത്ഥികളെയാണ് നിര്‍ബന്ധിച്ച് യുകെയില്‍ നിന്ന് നാടുകടത്തിയത്. നിരവധി പേരെ യുകെ ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആയിരക്കണക്കിന് മറ്റ് വിദ്യാര്‍ത്ഥികള്‍ നിരപരാധിത്വം ചൂണ്ടിക്കാണിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഹോം ഓഫീസിനെതിരെ കോടതിയില്‍ പോകുകയും ചെയ്തു. 

തങ്ങള്‍ നേരിട്ട നീതിനിഷേധം ചൂണ്ടിക്കാണിച്ച് നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഡൗണിംഗ് സ്ട്രീറ്റിന് കത്തയച്ചു. തങ്ങള്‍ നിരപരാധികളാണെങ്കിലും ഹോം ഓഫീസ് ഭാവി തകര്‍ത്തെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കി. ഒരു ഇഎല്‍ടി ടെസ്റ്റ് സെന്ററിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഡസന്‍ കണക്കിന് സെന്ററുകളിലും തട്ടിപ്പ് നടന്നുവെന്ന വാദം തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2011 മുതല്‍ 2014 വരെ ടെസ്റ്റ് എടുത്ത 58,458 വിദ്യാര്‍ത്ഥികളില്‍ 34000 പേരെങ്കിലും തട്ടിപ്പ് കാണിച്ചെന്നാണ് ഹോം ഓഫീസിന്റെ വാദം. 

90% പേരും തട്ടിപ്പ് നടത്തിയെന്ന ഹോം ഓഫീസ് നിലപാട് ചോദ്യം ചെയ്യപ്പെടണമെന്ന് വിദ്യാര്‍ത്ഥികളുടെ കത്ത് ഡൗണിംഗ് സ്ട്രീറ്റിന് കൈമാറിയ ഈസ്റ്റ് ഹാം ലേബര്‍ എംപി സ്റ്റീഫന്‍ ടിംസ് പറഞ്ഞു. ഹോം ഓഫീസിന്റെ വിധി വേഗത്തിലും, തെറ്റുകള്‍ നിറഞ്ഞതുമാണെന്ന് ഹൗസ് ഓഫ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ വിധി മാറ്റിമറിച്ച തീരുമാനം പുനഃപ്പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇത് സംഭവിച്ചിട്ടില്ല. ഇന്ത്യക്കാരോടുള്ള സ്‌നേഹം വിളമ്പുന്ന ഹോം സെക്രട്ടറി പ്രീതി പട്ടേലിനും ഈ നീക്കത്തിന് ഊര്‍ജ്ജം പകരാന്‍ കഴിഞ്ഞിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.