കൊവിഡ് പ്രതിരോധത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ വിട്ടുനല്‍കുന്നത് ലക്ഷക്കണക്കിന് പൗണ്ടാണ്. ഇത് പ്രധാനമായും ചെന്നെത്തുന്നത് ടെസ്റ്റ് & ട്രേസ് പ്രോഗ്രാമിലാണ്. പുറമെ നിന്നുള്ള കണ്‍സള്‍ട്ടന്റുമാര്‍ക്ക് ഇതുവഴി പ്രതിദിനം 7000 പൗണ്ട് വരെ എന്‍എച്ച്എസ് നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയിലെ നിരക്ക് നഴ്‌സുമാരുടെ വാര്‍ഷിക ശമ്പളത്തേക്കാള്‍ കൂടുതലാണെന്നതാണ് വിരോധാഭാസം.
യുകെയുടെ 12 ബില്ല്യണ്‍ പൗണ്ട് ചെലവുള്ള ആപ്പ് സിസ്റ്റം തയ്യാറാക്കാനും, ഓടിക്കാനുമായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന് വര്‍ഷത്തില്‍ 1.5 മില്ല്യണ്‍ പൗണ്ടാണ് നല്‍കുന്നത്. നഴ്‌സുമാരുടെ ശമ്പളം പ്രതിവര്‍ഷം 33,000 പൗണ്ട് മാത്രമാണ്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ നാല് മാസത്തെ ജോലിക്ക് 40 കണ്‍സള്‍ട്ടന്റുമാര്‍ക്ക് 10 മില്ല്യണ്‍ പൗണ്ടില്‍ ഏറെയാണ് സര്‍ക്കാര്‍ കൈമാറിയത്.
പബ്ലിക് സെക്ടര്‍ ജോലിക്കായി യുഎസ് കമ്പനി തങ്ങളുടെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് 2400 പൗണ്ട് മുതല്‍ 7360 പൗണ്ട് വരെ ശമ്പളം നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ശമ്പളമായ 150,000 പൗണ്ടിന്റെ പത്തിരട്ടിയാണ് ബിസിജി വാങ്ങുന്നതെന്നാണ് കണക്ക്. ടെസ്റ്റ് & ട്രേസ് സിസ്റ്റം ചെറിയ ഗുണം മാത്രമാണ് ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ ശാസ്ത്ര ഉപദേശകര്‍ തന്നെ പറയുമ്പോഴാണ് ഈ ഞെട്ടിക്കുന്ന ചെലവാക്കല്‍.
മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ചുരുങ്ങിയത് 165 കണ്‍സള്‍ട്ടന്റുമാരെയാണ് മൂണ്‍ഷോട്ട് ടെസ്റ്റിംഗ് പ്രോഗ്രാമില്‍ സഹായത്തിനായി വിളിച്ചിരിക്കുന്നത്. എന്‍എച്ച്എസ് ടെസ്റ്റ് & ട്രേസ് യൂറോപ്പിലെ ഏറ്റവും വലിയ ടെസ്റ്റിംഗ് സിസ്റ്റമാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചു. പ്രതിദിനം 270,000 ടെസ്റ്റ് വഴി ഏകദേശം 7 ലക്ഷം പേരിലേക്ക് എത്താവുന്ന വൈറസിനെ തടയാന്‍ കഴിയുന്നു, വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വന്‍തുക ചെലവഴിക്കുന്നതിന്റെ നേട്ടം ലഭിക്കുന്നില്ലെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.