CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 2 Minutes 11 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടനില്‍ സുവിശേഷവത്കരണ മഹാസംഗമം

പ്രസ്റ്റണ്‍ ; രൂപതയിലെ സുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത. ദൈവത്തിന്റെ അഗമന ദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍ എന്ന തിരുവചനത്തെ അപ്ത വാക്യമാക്കിയാണ് സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്.

തിരുവചനം ശ്രവിക്കാനും സ്വീകരിക്കാനും ജീവിക്കാനും പ്രഘോഷിക്കാനും രൂപതാംഗങ്ങളെ കൂടുതല്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 27 ന് സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്റെ ആനന്ദം എന്നാണ് പേരിട്ടിരിക്കുന്നത്.

ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്  ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സംഗമം ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 5.00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ സുവിശേഷവത്കരണത്തില്‍ വിശ്വാസികള്‍ക്കുള്ള പങ്കിനെ കുറിച്ചും സുവിശേഷം പകരാനുള്ള സമകാലിക മാര്‍ഗങ്ങളെ കുറിച്ചും പ്രമുഖര്‍ നയിക്കുന്ന വചന ശുശ്രൂഷയാണ് സംഗമത്തിന്റെ മാറ്റ് കൂട്ടുന്ന സുപ്രധാന ഘടകം. പ്രമുഖ വചന പ്രഘോഷകരായ ഫാ ജോര്‍ജ് പനയ്ക്കല്‍ വി. സി ,ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ ഡൊമനിക് വാളന്മനാല്‍, ഫാ ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ മാത്യു വയലാമണ്ണില്‍ സി എസ് ടി, സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച്, ഷെവലിയാര്‍ ബെന്നി പുന്നത്തറ, തോമസ് പോള്‍, സാബു അറുതൊട്ടി ഡോ ജോണ്‍ ഡി,സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റിയന്‍ താന്നിക്കല്‍, റെജി കൊട്ടാരം, സന്തോഷ് ടി, സജിത്ത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ വചനം പങ്കുവച്ച് സംസാരിക്കും.

പ്രോട്ടോസിഞ്ചലുസ് മോണ്‍സിഞ്ഞാര്‍ ഡോ ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററും സിഞ്ചലുസ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ചേലയ്ക്കല്‍ സ്വാഗതവും രൂപതാ സുവിശേഷവത്കരണ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഡോ ജോസി മാത്യു കൃതജ്ഞതയും പ്രകാശിപ്പിക്കും.

വളരെ സുപ്രധാനമായ ഈ കൂട്ടായ്മയില്‍ രൂപതയിലെ വൈദീകരും സമര്‍പ്പിതരും അല്‍മായ സമൂഹവുംപങ്കെടുക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ പിതാവ് ആഹ്വാനം ചെയ്തു. രൂപതയുടെ സുവിശേഷവത്ക്കരണ ശുശ്രൂഷകളെ ത്വരിതപ്പെടുത്താന്‍ ഓരോ ഇടവകയില്‍ നിന്നും മിഷന്‍ സെന്ററുകളില്‍ നിന്നും നാല് അല്‍മായ പ്രതിനിധികളെ വീതം തിരഞ്ഞെടുക്കണമെന്നും സര്‍ക്കുലറിലൂടെ മാര്‍ സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഈ കാലഘട്ടത്തിന്റെ അടയാളമായ ഈ പ്രേക്ഷിത സമ്മേളനത്തിന് വേണ്ടി ഏവരും മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കണം എന്നും ബിഷപ്പ് ജോസഫ് ഉത്‌ബോധിപ്പിച്ചു.

ഉത്ഥിതനായ ഈശോയെ കണ്ടുമുട്ടിയതിന്റെ ആനന്ദമാണ്'' ലോകമെങ്ങും സുവിശേഷമറിയിക്കാന്‍ ശ്ലീഹന്മാരെ പ്രേരിപ്പിച്ചത്. ബനഡിക്ട് 16ാമാന്‍ മാര്‍പ്പാപ്പ പറഞ്ഞതുപോലെ ശ്ലീഹന്മാരെ ശക്തരാക്കുകയും സുവിശേഷകരാക്കുകയും ചെയ്ത അതേ റൂഹാദ്ക്കുദ്ശാ തന്നെയാണ് ഈ കാലഘട്ടത്തെ സുവിശേഷവത്ക്കരിക്കാന്‍ തിരുസഭയെ നയിക്കുന്നത്. ഈ ബോധ്യത്തോടെ സുവിശേഷ വെളിച്ചം സ്വജീവിതത്തില്‍ സ്വീകരിക്കാനും മറ്റുള്ളവരിലേക്ക് പകരാനും നാം ശ്രമിക്കണം, എന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.