CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 2 Seconds Ago
Breaking Now

മൂന്നുതലമുറയുടെ കഥ പറഞ്ഞ് റിഥം തിയറ്റേഴ്‌സിന്റെ നാടകം 'അസ്തമയം' ; ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ നേര്‍ക്കാഴ്ച ഹൃദയത്തില്‍ ഏറ്റുവാങ്ങി കാണികള്‍ ; ആസ്വാദകരെ കീഴടക്കുന്ന അഭിനയ മികവ്; ലിവർപൂൾ പൂരം ഗംഭീരമായി..

ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ച പൂരം വേദിയില്‍ ഒരുക്കിയത് ഒരു മികച്ച കലാവിരുന്ന്. രണ്ടര മണിക്കൂര്‍ നീണ്ട നാടകം മൂന്നു തലമുറകളുടെ കഥ പറഞ്ഞപ്പോള്‍ അത് ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കണ്ണീരില്‍ ചാലിച്ച ഒരു നേര്‍ക്കാഴ്ച തന്നെയായി.

മലയാളികള്‍ക്ക് ഏതു നാട്ടില്‍ പോയാലും തങ്ങളുടെ നാടിനെ കുറിച്ചും നാടിന്റെ നന്മയെ കുറിച്ചും ഒരുപാട് ഓര്‍മ്മകളുണ്ടാകും. ഈ നൊസ്റ്റാള്‍ജിയകളെ വിളിച്ചുണര്‍ത്തുന്നതാണ് പലപ്പോഴും പ്രവാസികളുടെ കൂട്ടായ്മകള്‍ നടത്തുന്ന കലാസന്ധ്യകളും. ഇക്കുറിയും വ്യത്യസ്തമായില്ല വേദിയിലെ ' പൂരം'.

ശനിയാഴ്ച 2.30 മുതല്‍ നോസ്ലി ഷെയര്‍ ആന്‍ഡ് കള്‍ച്ചറല്‍ പാര്‍ക്കിലാണ് കലാസന്ധ്യ അരങ്ങേറിയത്. ലിവര്‍പൂര്‍ ഡ്രാമാ ക്ലബും ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറവും  സംയുക്തമായി സംഘടിപ്പിക്കുന്ന കലാസന്ധ്യ കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷമുള്ള ഏവരുടേയും കൂടിച്ചേരലുകള്‍ കൂടിയായി. അറുനൂറ്റമ്പതോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ അസ്തമയം എന്ന ഡ്രാമ എടുത്തു പറയേണ്ടതാണ്. പിന്നീട് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

ചെല്‍റ്റണാം റിഥം തിയറ്റേഴ്‌സിന്റെ നാടകം അസ്തമയം ഗൃഹാതുരതയുണര്‍ത്തുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് പങ്കുവച്ചത്. റോബി മേക്കര സംവിധാനം ചെയ്ത നാടകത്തില്‍ അദ്ദേഹം പ്രധാന വേഷത്തിലെത്തി. 

റോബി മേക്കര, സണ്ണി ലൂക്കോസ്, ബിന്ദു സോമന്‍, അബിന്‍ ജോസ്,അനു ടോം, സിബി ജോസഫ്, ഫ്‌ലോറന്‍സ് ഫെലിക്‌സ്, മാത്യു അമ്മായികുന്നേല്‍,മാര്‍ട്ടിന്‍ ജോസ് എന്നിവരാണ് വേദിയില്‍ അത്ഭുതം തീര്‍ത്തത്. അഭിനയ മികവില്‍ പ്രൊഫഷണല്‍ നാടകങ്ങളെ വെല്ലുന്ന പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചത്.

യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ജോയ് അഗസ്റ്റിയുടെ നേതൃത്വത്തിൽ ഒരുപറ്റംകലാകാരൻമാരുടെ ഏറെനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ ലിവര്‍പൂള്‍ പൂരം അരങ്ങേറിയത്.

നാടകത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച ബിന്ദു സോമന്‍ ഏറെ കൈയ്യടി നേടി.യുക്മ കലാമേളയിലെ നിറഞ്ഞ സാന്നിധ്യമാണ് ബിന്ദു സോമന്‍. പ്രസംഗത്തിലും ഡാന്‍സിലും കവിതയിലും ഇപ്പോഴിതാ നടിയെന്ന നിലയിലും ഒക്കെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണിവര്‍.

ഡോ മോഹന്‍ ദാസ് ആയി വേഷമിട്ട റോബി മേക്കരയും  ദുശ്വാസനന്‍ പിള്ളയായി സണ്ണി ലൂക്കോസും സുദീപായി അബിനും വേദിയില്‍ മികച്ച കൈയ്യടി നേടി. ശിവദാസായി സിബി ജോസും ശങ്കരപിള്ള മാത്യു അമ്മായികുന്നേലും ലോറന്‍സായി മാര്‍ട്ടിന്‍ ജോസും സുജാതയായി ഇന്ദുലേഖ സോമനും സുമിത്രയായി അനു ടോമും ഗൗരിയായി ഫ്‌ളൂറന്‍സ് ഫെലിക്‌സും വേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത് പോള്‍സണും അരുണ്‍ വിജയനും ചേര്‍ന്നാണ്. ജോ വില്‍റ്റന്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായിരുന്നു. സ്‌റ്റേജ് സപ്പോര്‍ട്ട് നല്‍കിയത് സന്തോഷ് ലൂക്കോസും ബിസ് പോളും മാത്യു ഇടിക്കുളയും സുബിനും ജെബിനും ചേര്‍ന്നാണ്.

ഒരുമിച്ച് നിന്ന് മികച്ചൊരു അവതരണം ഒരുക്കിയപ്പോള്‍ ' അസ്തമയം ' കാണികളുടെ ഹൃദയം കീഴടക്കി. നാടകം അവസാനിച്ചപ്പോഴുള്ള കൈയ്യടി അവതരണ മികവിന്റെ അംഗീകാരം വിളിച്ചോതുന്നതായിരുന്നു.

ശേഷം നടന്ന നൃത്ത സംഗീത വിരുന്നും പൂര നഗരിയ്ക്ക് മാറ്റുകൂട്ടി. മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. ഒരിടവേളയ്ക്ക് ശേഷം ഏവരും ഒത്തുകൂടി നല്ല കുറേ നിമിഷങ്ങള്‍ മനസ്സുകൊണ്ട് ഏറ്റുവാങ്ങിയ ശേഷമാണ് മടങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.