CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 44 Seconds Ago
Breaking Now

ബ്രിട്ടനിലെ പള്ളിയില്‍ യോഗം ചേരുന്നതിനിടെ ഭീകരാക്രമണം; കണ്‍സര്‍വേറ്റീവ് എംപി സര്‍ ഡേവിഡ് അമെസിനെ സൊമാലിയന്‍ വംശജനായ ഭീകരന്‍ കാത്തുനിന്ന് കുത്തിക്കൊന്നു; 12-ലേറെ തവണ കുത്തേറ്റതോടെ 69-കാരന്‍ സംഭവസ്ഥലത്ത് മരിച്ചുവീണു; അക്രമി പോലീസ് കസ്റ്റഡിയില്‍; രാജ്യത്തെ ഞെട്ടിച്ച് എംപിയുടെ കൊലപാതകം

സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള ടോറി എംപി സര്‍ ഡേവിഡ് രക്തത്തില്‍ മുങ്ങി കുഴഞ്ഞുവീഴുകയായിരുന്നു

മണ്ഡലത്തിലെ യോഗം പള്ളിയില്‍ ചേരുന്നതിനിടെ ഭീകരര്‍ ബ്രിട്ടീഷ് എംപിയെ കുത്തിക്കൊന്നു. സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി സര്‍ ഡേവിഡ് അമെസിനെയാണ് സൊമാലിയന്‍ വംശജന്‍ കുത്തിക്കൊന്നത്. സംഭവം ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് നടന്നതാണെന്ന് സ്ഥിരീകരിച്ച പോലീസ് ലണ്ടനിലെ രണ്ട് വീടുകളില്‍ റെയ്ഡ് നടത്തി. അറസ്റ്റിലായ ബ്രിട്ടീഷ് മുസ്ലീം പൗരന്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. 

എസെക്‌സ്, ലെ-ഓണ്‍-സീയില്‍ പള്ളി കെട്ടിടത്തില്‍ കോണ്‍സ്റ്റിറ്റിയുവന്‍സ് സര്‍ജറി നടത്തുകയായിരുന്നു സര്‍ ഡേവിഡ്. ഇതിനിടെയാണ് ഇവിടെയെത്തിയ അക്രമി കത്തിക്കുത്ത് നടത്തുന്നത്. 69-കാരനായ രാഷ്ട്രീയ നേതാവിനെ 12-ലേറെ തവണ കുത്തിയെന്നാണ് വിവരം. ഇതോടെ സര്‍ ഡേവിഡ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

മണ്ഡലത്തിലെ മറ്റ് ജനങ്ങള്‍ മുതിര്‍ന്ന എംപിയെ കാണാനായി കാത്തുനില്‍ക്കുമ്പോഴാണ് അക്രമി ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടിക്കയറി കുത്തിയത്. ഉച്ച മുതല്‍ യോഗത്തില്‍ ബുക്ക് ചെയ്ത് എംപിയെ ലക്ഷ്യംവെച്ച് ഇയാള്‍ ക്യുവില്‍ കാത്തുനിന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ഈസ്റ്റേണ്‍ റീജ്യണ്‍ സ്‌പെഷ്യലിസ്റ്റ് ഓപ്പറേഷന്‍സ് യൂണിറ്റിലെയും, എസെക്‌സ് പോലീസിലെയും ഓഫീസര്‍മാര്‍ക്കൊപ്പം തങ്ങളുടെ തീവ്രവാദവിരുദ്ധ കമ്മാന്‍ഡും സംയുക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചത്. 

അക്രമി ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്. എന്നിരുന്നാലും അന്വേഷണം തുടരുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍ നടത്തുന്ന ഒറ്റതിരിഞ്ഞ അക്രമങ്ങളില്‍ വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എസെക്‌സിലെ മെത്തേഡിസ്റ്റ് ചര്‍ച്ചില്‍ പ്രദേശത്തെ ആളുകളുമായി സംസാരിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനായി സര്‍ജറി നടത്തവെയാണ് അക്രമം ഉണ്ടായതെന്ന് കണ്‍സര്‍വേറ്റീവ് കൗണ്‍സിലര്‍ ജോണ്‍ ലാംബ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.05നാണ് പോലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. അക്രമം നടത്തിയ ശേഷം ഭീകരന്‍ പ്രദേശത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുക പോലും ചെയ്തില്ല. 

സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള ടോറി എംപി സര്‍ ഡേവിഡ് രക്തത്തില്‍ മുങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. പാരാമെഡിക്കുകള്‍ സംഭവസ്ഥലത്തെത്തി ഒരു മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 




കൂടുതല്‍വാര്‍ത്തകള്‍.