CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 4 Seconds Ago
Breaking Now

യുക്മ ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച ബര്‍മിംങ്ഹാമില്‍…ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

യുക്മയുടെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച (18/06/22) ബര്‍മിംങ്ഹാമില്‍ നടക്കും. രാവിലെ 11.30 ന് ബര്‍മിംങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ വച്ചായിരിക്കും ജനറല്‍ കൗണ്‍സില്‍ യോഗവും തിരഞ്ഞെടുപ്പും നടക്കുകയെന്ന് യുക്മ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗീസ്, വര്‍ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു.

മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്  ബര്‍മിംങ്ങ്ഹാമില്‍ 19/02/22 ന് കൂടിയ ദേശീയ ജനറല്‍ ബോഡി യോഗത്തില്‍ വച്ച് ഇലക്ഷന്‍ നടത്തിപ്പിന്റെ ചുമതല ഭരണഘടന പ്രകാരം  തിരഞ്ഞെടുപ്പ് കമ്മീഷനെ തിരുമാനിക്കുകയും,  തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഉത്തരവാദിത്വം ഏല്പിക്കുകയും ചെയ്തിരുന്നു.

അതിന്‍ പ്രകാരം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദത്തിലും ചുമതലയിലും മെയ് 28 ശനിയാഴ്ച  മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ കമ്മിറ്റി തിരഞ്ഞെടുപ്പോടെ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കാണ് നാളെ ശനിയാഴ്ച ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതോടെ സമാപനം കുറിക്കുന്നത്.  ജൂണ്‍ 4 ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ജൂണ്‍ 11 ന് ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് വെസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി പുതിയ ഭരണസമിതികള്‍ നിലവില്‍ വന്നിരുന്നു.  എല്ലാ റീജിയണുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളും കമീഷന്‍ ചുമതലപ്പെടുത്തിയ നിരീക്ഷകരും ഉള്‍പ്പെടുന്ന പാനല്‍ ആയിരുന്നു  അടുക്കും ചിട്ടയുമായി ഭരണഘടനാപ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്.  യുക്മയുടെ വിവിധ റീജിയനുകളില്‍ അഭിപ്രായ സമന്വയത്തോടെയും ഏകകണ്ഡേനയുമാണ് പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വന്നിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ഭീതി അവസാനിച്ച കാലഘട്ടത്തിന് ശേഷം ജനജീവിതം സാധാരണഗതിയിലായതിനാല്‍  യുക്മയുടെ നായകരായി ചുമതലയേറ്റെടുക്കുന്ന

പുതിയ സാരഥികള്‍ക്ക് പ്രവാസ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവും, ഉത്തരവാദിത്വവും, സംഘടന സ്‌നേഹവുമുള്ള  പുതിയ നേതൃത്വനിരയാണ് റീജിയണുകളില്‍ ചുമതലയേറ്റു കഴിഞ്ഞിരിക്കുന്നത്.

2022ലെ യുക്മയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടമായി ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വമാണ് യുക്മ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്.

യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കായിരിക്കും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. 

അടുത്ത വര്‍ഷങ്ങളിലേക്ക് യുക്മയെ നയിക്കുവാന്‍, യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ അവരുടെ ഹൃദയവികാരമായ പ്രതീക്ഷയായ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയ്ക്ക് കഴിവുറ്റ അമരക്കാരെ, നിഷ്പക്ഷവും  നീതിപൂര്‍വ്വവുമായി  തിരഞ്ഞെടുപ്പ് നടത്തി  പുതിയ ഭരണസമിതിയെ കണ്ടെത്തുക എന്ന ചുമതലയാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്. അതിനായി  യുക്മ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെല്ലാവരും നാളെ യോഗസ്ഥലത്ത് എത്തിച്ചേരുകയും, എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാവുകയും ചെയ്യണമെന്ന്  യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

 

 

 

അലക്‌സ് വര്‍ഗ്ഗീസ് 

(യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി)

 

 

 




കൂടുതല്‍വാര്‍ത്തകള്‍.