സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങളുടെ നിര സൃഷ്ടിച്ച മുന്‍ സ്പാന്‍ഡോ ബാല്ലറ്റ് ഗായകന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കരഞ്ഞ് വിതുമ്പി. 34-കാരനായ റോസ് വില്ല്യം വൈല്‍ഡ് ബലാത്സംഗവും, ലൈംഗിക അതിക്രമങ്ങളും ഉള്‍പ്പെടെ 17 കുറ്റകൃത്യങ്ങളാണ് നടപ്പാക്കിയത്. നോര്‍ത്ത് ലണ്ടനിലെ ഇയാളുടെ വീട്ടിലും, ഷ്രൂസ്ബറിയിലെ ഹോട്ടലിലും, ഫ്രാന്‍സിലെ കെയിന്‍സിലും 2013 മുതല്‍ 2018 വരെ നീളുന്നതായിരുന്നു അതിക്രമങ്ങള്‍.
ഒരു സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയതിന് പുറമെ ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും, ഒരു സ്വകാര്യ സെക്‌സ് ചിത്രം പുറത്തുവിടുകയും ചെയ്തതായി ഗായകനെതിരെ ആരോപണമുണ്ട്. ഉറങ്ങിക്കിടന്ന ആറ് സ്ത്രീകളെ ലൈംഗികമായി അപമാനിക്കുകയും ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു വൈല്‍ഡ്.
2018-ലാണ് ബാന്‍ഡിലെ ഗായകനായി വൈല്‍ഡിന് ഇടം ലഭിച്ചത്. എന്നാല്‍ അബെര്‍ദീനിലെ രക്ഷിതാക്കളുടെ വീട്ടില്‍ നിന്നും ഇന്നലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഈയാഴ്ച ആദ്യമാണ് പ്രതിക്കെതിരെ കുറ്റം ചുമത്താന്‍ പ്രോസിക്യൂട്ടര്‍മാര്‍ പോലീസിന് അനുമതി നല്‍കിയത്.
അറസ്റ്റിലായ പ്രതിയെ കാര്‍ലിസില്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയിലാണ് ഹാജരാക്കിയത്. കുറ്റങ്ങള്‍ ചുമത്തവെ കോടതിയില്‍ വൈല്‍ഡ് കരഞ്ഞു. ആരോപണങ്ങള്‍ ഇയാള്‍ നിഷേധിക്കുകയും ചെയ്തു. ജൂണ്‍ 22ന് ലണ്ടന്‍ വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാകുന്നത് വരെ 34-കാരനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഉറങ്ങുന്ന സ്ത്രീകളെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ 2019-ല്‍ പോലീസ് പിടിച്ചെടുത്തതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. നാല് അതിക്രമങ്ങള്‍ വൈല്‍ഡിന്റെ വീട്ടില്‍ വെച്ചാണ് നടന്നതെന്നാണ് വിവരം. 2013ല്‍ ബലാത്സംഗം ചെയ്ത് സ്ത്രീയെ 2017ല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും, അനുമതിയില്ലാതെ പകര്‍ത്തിയ ചിത്രം പുറത്തുവിടുകയും ചെയ്തതിനും കേസ് ചുമത്തിയിട്ടുണ്ട്.