CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 1 Seconds Ago
Breaking Now

'ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയം'; സൈനികരുടെ അവധി റദ്ദാക്കി ഇസ്രായേല്‍; ജിപിഎസ് നാവിഗേഷന്‍ സേവനങ്ങളും റദ്ധാക്കി

സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു

ഇറാന്റെ വ്യോമാക്രമണം ഭയന്ന് സൈനികരുടെ അവധി റദ്ദാക്കി ഇസ്രായേല്‍. അവധിയിലുള്ള മുഴുവന്‍ സൈനികരോടും തിരിച്ചെത്താന്‍ ഇസ്രായേല്‍ നിര്‍ദേശം നല്‍കി. അതേസമയം രാജ്യാതിര്‍ത്തിക്കുള്ളില്‍ ജിപിഎസ് നാവിഗേഷന്‍ സേവനങ്ങളും ഇസ്രയേല്‍ നിര്‍ത്തിവച്ചു. ഏപ്രില്‍ 5ന് ശേഷം ഇറാന്‍ തിരിച്ചടിക്കുമെന്ന വിലയിരുത്തലിലാണ് ഇസ്രയേല്‍ നടപടി.

സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈല്‍ വര്‍ഷിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചാല്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ ഇസ്രയേല്‍ നടത്തുന്നത്. അവധികള്‍ റദ്ദാക്കി തിരിച്ചെത്താന്‍ സൈനികര്‍ക്ക് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് നിര്‍ദേശം നല്‍കി. മിസൈലുകളെയും ഡ്രോണുകളെയും തടസ്സപ്പെടുത്തുന്നതിനായാണ് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ ജിപിഎസ് തടഞ്ഞത്.

വ്യാഴാഴ്ച മുതലാണ് ഇസ്രായേലിന്റെ മധ്യഭാഗങ്ങളില്‍ ജിപിഎസ് സംവിധാനങ്ങള്‍ തടസ്സപ്പെട്ടത്. നിലവില്‍ ടെല്‍ അവീവ്, ജറുസലേം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. അതേസമയം പരിഭ്രാന്തരാവേണ്ടതില്ലെന്ന് സേന ജനങ്ങളെ അറിയിച്ചു. ജനറേറ്ററുകള്‍ വാങ്ങുകയോ ഭക്ഷണം കൂടുതലായി കരുതി വെയ്ക്കുകയോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് അറിയിപ്പ്. ചില എംബസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.

സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ച സംഭവത്തില്‍ മറുപടി നല്‍കുമെന്ന് നേരത്തെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും പ്രതികരിച്ചിരുന്നു. ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞത്.

ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍മാരായ മുഹമ്മദ് റെസ സഹേദിയും, മുഹമ്മദ് ഹാദി, ഹാജി റഹിമിയും ഉള്‍പ്പെടെ ഏഴ് ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്കൂടാതെ രണ്ട് സിറിയക്കാര്‍ ഉള്‍പ്പെടെ 13 പേരും ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.