CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 34 Seconds Ago
Breaking Now

ശൈലജക്കെതിരായ സൈബര്‍ ആക്രമണം; അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിനാണ് അറസ്റ്റ്; വിടി ബല്‍റാം

കെ കെ ശൈലജയുടെ വ്യാജ പ്രചരണം അറിഞ്ഞുകൊണ്ട് ഏറ്റെടുത്ത എല്ലാ ഫ്രോഡുകളോടും തുടക്കം തൊട്ടുതന്നെ പുച്ഛമാണ് തോന്നിയിരുന്നത്.

വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി കെകെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബല്‍റാം പ്രതികരിച്ചു. കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

'ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് കെ കെ ശൈലജയെന്നും ശൈലജ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ഗ്യാരണ്ടിയാണെന്നും' ബല്‍റാം പറഞ്ഞു.

അതേസമയം, സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വടകരയില്‍ എല്‍ജിഎഫ് നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ച് ആയി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

കെ കെ ശൈലജയുടെ വ്യാജ പ്രചരണം അറിഞ്ഞുകൊണ്ട് ഏറ്റെടുത്ത എല്ലാ ഫ്രോഡുകളോടും തുടക്കം തൊട്ടുതന്നെ പുച്ഛമാണ് തോന്നിയിരുന്നത്. അക്കൂട്ടത്തിലെ സാംസ്‌കാരിക/മാധ്യമ ഫ്രോഡുകളോട് ഇരട്ടി പുച്ഛവും തോന്നിയിരുന്നു.

ഇപ്പോഴിതാ മല പോലെ ഊതിപ്പെരുപ്പിച്ച് വരുത്തിയത് എലി പോലെ ആയിരിക്കുന്നു. പാനൂരില്‍ നാടന്‍ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കില്‍ അശ്ലീല വിഡിയോയുടെ പേര് പറഞ്ഞുള്ള ഈ നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്.

ഇല്ലാത്ത വ്യക്തിഹത്യയുടെ പേര് പറഞ്ഞുള്ള സഹതാപമുണ്ടാക്കല്‍ നാടകം സിപിഎം തൃക്കാക്കരയിലും പയറ്റി നോക്കിയിരുന്നു. പക്ഷേ അന്നും അത് എട്ടു നിലയില്‍ പൊട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില യുഡിഎഫ് അനുഭാവികളെ അറസ്റ്റ് ചെയ്തിരുന്നു സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ കേരളാ പോലീസ്. പിന്നീടാ കേസിന് എന്തുപറ്റി എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. രണ്ടര വര്‍ഷം കഴിഞ്ഞു. ഇന്നിപ്പോള്‍ വടകരയിലും നാണക്കേട് മറക്കാന്‍ പോലീസും സിപിഎമ്മും ചെയ്യുന്നത് സമാനമായ അറസ്റ്റും നടപടികളുമാണ്. അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

 

ഏതായാലും ഇപ്പോഴും കെ കെ ശൈലജയും അവരുടെ പിആര്‍ ടീമുമല്ലാതെ മറ്റാരും സ്ഥാനാര്‍ത്ഥിക്കെതിരായ മോശപ്പെട്ട ഒരു വിഡിയോയും കണ്ടിട്ടില്ല. ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് കെ കെ ശൈലജ. ഷാഫിയെ ഉപദേശിച്ചു കൊണ്ടേയിരിക്കുകയാണ് സിപിഎമ്മിന്റെ കൂലിപ്പട്ടാളമായ സാഹിത്യ/മാധ്യമ ഫ്രോഡുകള്‍. 

ഇത്രയധികം കള്ളത്തരം പറയുന്ന, നിലവാരത്തകര്‍ച്ചയുടെ പരമമായ ഉദാഹരണമായ വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഈ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടും. ഗ്യാരണ്ടി.

 




കൂടുതല്‍വാര്‍ത്തകള്‍.