ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമ താരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം. ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് അറിയിച്ചു. ഷൈന്‍ ടോം ചാക്കോ ലഹരിയ്ക്ക് അടിമയാണെന്ന് ബോധ്യപ്പെട്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ താരങ്ങളെ കൂടാതെ മോഡലായ സൗമ്യയേയും എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ശ്രീനാഥ് ഭാസിയെയും സൗമ്യയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയിലെ സേക്രഡ് ഹാര്‍ട്‌സ് ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ചികിത്സ തേടുന്ന ഷൈന്‍ ചോദ്യം ചെയ്യലിനിടെ നേരത്തെ അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചികിത്സയെ തുടര്‍ന്നുള്ള വിഡ്രോവല്‍ സിംറ്റംസാണ് ഷൈനിനുണ്ടായതെന്നാണ് വിലയിരുത്തലുകള്‍.
കേസില്‍ താരങ്ങളുടെ പങ്കിനെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നതായും അതില്‍ വ്യക്തതവരുത്താനാണ് ചോദ്യം ചെയ്തതെന്നും എക്സൈസ് അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത വരുത്തിയതായി എക്സൈസ് കൂട്ടിച്ചേര്‍ത്തു. ഷെന്‍ ലഹരിക്ക് അടിമയാണെന്ന് ബോധ്യമായി.
ലഹരിക്ക് അടിമയായവര്‍ക്ക് നല്‍കേണ്ടത് ചികിത്സയാണ്. അതിന്റെ ഭാഗമായാണ് തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. അതേസമയം വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും എക്സൈസ് കമ്മിഷണര്‍ പറഞ്ഞു.