ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ഭാര്യ അനുഷ്‌ക ശര്‍മ്മയും ദീര്‍ഘ നാളുകളായി ലണ്ടനിലാണ് താമസം. ഇരുവരുടെയും രണ്ടാമത്തെ മകന്‍ ജനിക്കുന്നതും ലണ്ടനില്‍ തന്നെയാണ്. ആഡംബര ജീവിത രീതിയോട് താല്പര്യം ഇല്ലന്നും തനിക്കും കുടുംബത്തിനും സ്വകാര്യത ആവശ്യമാണെന്നും മുന്‍പ് പലതവണ വിരാട് പറഞ്ഞിട്ടുണ്ട്. വിരുഷ്‌ക എന്ന ഓമനപ്പേരിലറിയപ്പെടുന്ന താരദമ്പതിമാര്‍ യുകെയിലേക്ക് താമസം മാറിയതിന് പിന്നാലെ പലതരത്തിലുള്ള സൈബര്‍ അറ്റാക്കും ഇരുവരും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, താരദമ്പതികള്‍ ഇന്ത്യന്‍ വിടാനുള്ള തീരുമാനം എടുത്തതിന് പിന്നിലുള്ള സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടറും ബോളിവുഡ് നടി മാധുരി ദീക്ഷിത്തിന്റെ ഭര്‍ത്താവുമായ ശ്രീറാം മാധവ് നെനെ.
യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയയുമായി തന്റെ പോഡ്കാസ്റ്റ് ചാനലില്‍ നടത്തിയ അഭിമുഖത്തിനിടയിലാണ് ഇരുവരും വിരാടിനോടുള്ള ആരാധനയെ പറ്റി പറയുന്നത്. മുന്‍പ് അനുഷ്‌കയുമായി നടത്തിയ ഒരു സംഭാഷണം ഓര്‍ത്തെടുത്തുകൊണ്ടാണ് ശ്രീറാം ഈ കാര്യം വ്യക്തമാക്കിയത്. ജീവിതം ആസ്വദിക്കാനും കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്താനും വേണ്ടിയാണ് വിരാടും അനുഷ്‌കയും ലണ്ടനിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് അവര്‍ തീരുമാനിച്ചതെന്ന് ശ്രീറാം പറയുന്നു.
'അവര്‍ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞങ്ങള്‍ ഒരു ദിവസം അനുഷ്‌കയുമായി സംസാരിച്ചു. അത് വളരെ രസകരമായിരുന്നു. അവര്‍ക്ക് ഇവിടെ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുകയായിരുന്നു. അവര്‍ കടന്നുപോകുന്ന അവസ്ഥ ഞങ്ങള്‍ക്ക് മനസിലാകും. അവര്‍ എന്തു ചെയ്താലും അത് ശ്രദ്ധനേടും. അതിനാല്‍ അവര്‍ ഏതാണ്ട് ഒറ്റപ്പെട്ടവരായി മാറുകയാണ്. എല്ലായ്‌പ്പോഴും അവരുടെയടുത്ത് ആളുകള്‍ സെല്‍ഫിയെടുക്കാനെത്തും. അത് മോശം കാര്യമാണെന്നല്ല. പക്ഷേ ചില സമയങ്ങളില്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. നിങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുമ്പോഴോ അത്താഴം കഴിക്കുമ്പോഴോ ഒക്കെ. അപ്പോള്‍ മര്യാദയോടെ പെരുമാറേണ്ടിവരും. മധുരിക്ക് അതൊരു പ്രശ്‌നമാകാറുണ്ട്. എന്നാല്‍ അനുഷ്‌കയും വിരാടും നല്ല മനുഷ്യരാണ്. അവര്‍ക്ക് തങ്ങളുടെ കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്തണമെന്നേയുള്ളൂ.' -ശ്രീറാം പറഞ്ഞു.