നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിവി അന്‍വറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അന്‍വറിന്റെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.
'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും' എന്നാണ് അന്‍വറിന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോര്‍ഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തയ്യാറായില്ല.
യുഡിഎഫ് മുന്നണിയില്‍ ചേരാനുള്ള നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടതോടെ തുടര്‍നടപടികള്‍ ആലോചിക്കുകയാണ് പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയില്‍ ചേരുന്ന യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാര്‍ട്ടി എടുക്കേണ്ട നിലപാടും ചര്‍ച്ചയാകും. രണ്ടു ദിവസത്തിനകം യുഡിഎഫില്‍ ചേര്‍ത്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂല്‍ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്. യുഡിഎഫ് പ്രവേശനത്തിനായി ഒരു ദിവസം കൂടെ കാത്തു നില്‍ക്കാനും വിജയം കണ്ടില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനുമാണ് നീക്കം.