തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യമനില്‍ തുടരുന്നു. സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ഗോത്ര നേതാക്കളുമായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണ് നിര്‍ണ്ണായകമായത്. ആശവഹമായ പുരോഗതിയാണ് ചര്‍ച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ തുടരുകയാണ്.
വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാന്യം നല്‍കുന്നതെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാന്‍ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷന്‍കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്. ഇന്നലെ ഏറെ വൈകി അവസാനിച്ച ചര്‍ച്ചകള്‍ ഇന്ന് അതിരാവിലെ തന്നെ പുനഃരാരംഭിക്കുമെന്നാണ് സൂചന. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്ലിന്റെ ഇടപെടലിലാണ് ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന ചര്‍ച്ച രാവിലെ വീണ്ടും ആരംഭിക്കുക എന്നാണ് വിവരം. ഹബീബ് അബ്ദുള്‍ റഹ്‌മാന്‍ മഹ്ഷൂസിന്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്ലിന്റെ ഉന്നതതല സംഘം തലാലിന്റെ ജന്മനാടായ ഉത്തര യമനിലെ ദമാറില്‍ തുടരുകയാണ്.