CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 26 Seconds Ago
Breaking Now

ബ്രിട്ടീഷ് സേനകളുടെ പിഴവ്; താലിബാന്റെ തോക്കിന് ഇരയാകേണ്ട അഫ്ഗാനിസ്ഥാനികളെ രഹസ്യമായി ബ്രിട്ടനിലേക്ക് കടത്തി അഭയാര്‍ത്ഥി സ്‌കീം; 3600 കുടുംബങ്ങള്‍ രാജ്യത്ത് എത്തിയെന്ന് പ്രതിരോധ സെക്രട്ടറി; വാര്‍ത്ത പുറത്തുവന്നതോടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന് ആശങ്ക

പൊതുജന രോഷം ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒരുങ്ങി ഇരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

ബ്രിട്ടനിലേക്ക് ആരും അറിയാതെ ആയിരക്കണക്കിന് അഫ്ഗാനികളെ പ്രവേശിപ്പിച്ചതായി സമ്മതിച്ച് ഗവണ്‍മെന്റ്. ഒരു ബ്രിട്ടീഷ് സൈനികന് പറ്റിയ അബദ്ധമാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നും പാശ്ചാത്യ സേനകള്‍ പിന്‍വാങ്ങുകയും, താലിബാന്‍ ഭരണത്തില്‍ വരികയും ചെയ്ത ഘട്ടത്തിലാണ് ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍ ഇമെയില്‍ ബ്രിട്ടനൊപ്പം ജോലി ചെയ്ത അഫ്ഗാനികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. 

ഈ അബദ്ധം മൂലം ഒരു ലക്ഷത്തോളം അഫ്ഗാനികളാണ് താലിബാന്റെ തോക്കിന് ഇരയാകുമെന്ന ഭീഷണി നേരിട്ടത്. ഇതോടെ മന്ത്രിമാര്‍ക്ക് രഹസ്യ ഓപ്പറേഷനിലൂടെ ബ്രിട്ടനെ സഹായിച്ച അഫ്ഗാനികളെ രാജ്യത്തേക്ക് എത്തിക്കേണ്ടതായി വരികയായിരുന്നു. നികുതിദായകരെയും, എംപിമാരെയും അറിയിക്കാതെയാണ് 7 ബില്ല്യണ്‍ പൗണ്ട് ചെലവില്‍ ഈ സ്‌കീം നടപ്പാക്കിയത്. 

ഓപ്പറേഷന്‍ റൂബിഫിക് എന്ന കോഡ് നല്‍കിയ നടത്തിയ രഹസ്യ എയര്‍ലിഫ്റ്റ് വഴിയാണ് ഏകദേശം 3600 കുടുംബങ്ങളെ യുകെയിലേക്ക് എത്തിച്ചതെന്ന് പ്രതിരോധ സെക്രട്ടറി വെളിപ്പെടുത്തി. യുകെ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന അഫ്ഗാന്‍ സഹായികളുടെ ഡാറ്റാബേസ് നഷ്ടമായതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. ബ്രിട്ടീഷ് സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാനികള്‍ക്ക് പുറമെ ബ്രിട്ടീഷ് അധികൃതരുടെ വിവരങ്ങളും ഇതുവഴി പുറത്തായി. 

ഈ വിഷയം പരസ്യമാക്കുന്നതിന് പകരം കോടതി ഉത്തരവിലൂടെ പ്രതിരോധ മന്ത്രാലയം ഇത് രഹസ്യമായി സൂക്ഷിച്ചു. ഇതിന് ശേഷം സമാധാന കാലത്തെ ഏറ്റവും വലിയ രക്ഷാദൗത്യത്തിലൂടെ അപകടത്തിലായ അഫ്ഗാനി കുടുംബങ്ങളെ യുകെയിലെത്തിക്കുകയാണ് ചെയ്തത്. സ്ഥിരതാമസത്തിനുള്ള വീടുകള്‍ ലഭിക്കുന്നത് വരെ ഇവരെ പ്രതിരോധ മന്ത്രാലയത്തിന്റെ സംവിധാനങ്ങളിലും, ഹോട്ടലുകളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. 

അതേസമയം വാര്‍ത്ത പുറത്തുവന്നതോടെ ഇമിഗ്രേഷന്‍ സ്‌കീമിനെതിരെ കലാപം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയുണ്ട്. ഇത് പരിഗണിച്ച് പൊതുജന രോഷം ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒരുങ്ങി ഇരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.