ആംബുലന്‍സിനായി കാത്തിരിക്കാതെ എ&ഇയിലേക്ക് സ്വന്തം രീതിയില്‍ എത്തിച്ചേരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍. ആംബുലന്‍സ് സഹായം തേടിയാലും എത്തിച്ചേരാന്‍ ഏറെ കാത്തിരിക്കേണ്ടി വരുന്നതും, ആശുപത്രികള്‍ക്ക് പുറത്ത് എമര്‍ജന്‍സി വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നതും കണ്ടാണ് രോഗികള്‍ സ്വന്തം നിലയില്‍ എ&ഇയില്‍ എത്താന്‍ ശ്രമിക്കുന്നത്.
ഏറ്റവും അടിയന്തരമായ കേസുകളില്‍ പോലും പകരം സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗികള്‍ എ&ഇയില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ പ്രകാരം 19.5 മില്ല്യണ്‍ രോഗികള്‍, അതായത് ഏകദേശം 79 ശതമാനം ആളുകളും നടക്കുകയോ, സൈക്കിള്‍ ചവിട്ടിയോ, പൊതുഗതാഗത സംവിധാനങ്ങളോ, ടാക്‌സി, പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവയിലാണ് എത്തിയതെന്നാണ് കാണിക്കുന്നത്. 2023/24 വര്‍ഷത്തെ കണക്കാണിത്.
അതീവ രോഗബാധിതര്‍ ഈ വിധത്തില്‍ എത്തുന്നതില്‍ വര്‍ദ്ധനവുണ്ടെന്നാണ് 30 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ പുതിയ പരിശോധന വ്യക്തമാക്കുന്നത്. 2024-ല്‍ ഏകദേശം 2.7 മില്ല്യണ്‍ ആംബുലന്‍സ് ഇതര എത്തിച്ചേരലുകളാണ് എ&ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019-ലെ കണക്കുകളില്‍ നിന്നും 14 ശതമാനം വര്‍ദ്ധനവാണിത്.
ഇതില്‍ 266,460 രോഗികള്‍ ഏറ്റവും ഗുരുതരമായ കാറ്റഗറിയില്‍ പെട്ടവരാണ്. ഇവര്‍ക്ക് അടിയന്തര മെഡിക്കല്‍ പരിചരണം ലഭിക്കേണ്ടവരായിരുന്നു. ഈ കാലയളവില്‍ ഇത്തരക്കാരുടെ എണ്ണത്തിലും 50 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.
ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളില്‍ പോലും ആംബുലന്‍സ് സര്‍വ്വീസുകളെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് ജനം ചിന്തിച്ച് തുടങ്ങിയതായി ലിബറല്‍ ഡെമോക്രാറ്റ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വക്താവ് ഹെലെന്‍ മോര്‍ഗന്‍ ചൂണ്ടിക്കാണിച്ചു.