ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി മനസ്സ് വെച്ചാല്‍ യുദ്ധം ഇപ്പോള്‍ അവസാനിപ്പിക്കാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വൈറ്റ് ഹൗസ് ചര്‍ച്ചകള്‍ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു നല്‍കിയത്.
എന്നാല്‍ വൈറ്റ് ഹൗസില്‍ സെലെന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയില്‍ മറ്റ് യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡ്‌റിച്ച് മെര്‍സ്, ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരും ഉക്രെയിന്‍ പക്ഷം പിടിക്കാന്‍ വാഷിംഗ്ടണില്‍ എത്തുന്നുണ്ട്.
പ്രസിഡന്റ് സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് വോണ്‍ ഡെര്‍ ലെയെന്‍ അവകാശപ്പെടുന്നത്. ഫിന്നിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിന മെലോനി, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ എന്നിവരും യോഗത്തിനെത്തും.
എന്നാല്‍ സഖ്യകക്ഷികളെ മുഴുവന്‍ കൂട്ടുപിടിച്ച് സെലെന്‍സ്‌കി എത്തുമ്പോള്‍ ഒത്തുതീര്‍പ്പ് എളുപ്പമാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഉക്രെയിന്‍ ഭൂമി കൈയ്യേറ്റം അംഗീകരിച്ച് കൊടുത്ത് യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് നിര്‍ദ്ദേശിക്കുക. ഇതിന് സഖ്യകക്ഷികള്‍ പ്രതിരോധം തീര്‍ക്കും.
ഡോണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് വ്‌ളാദിമര്‍ പുടിന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉക്രെയിന്‍ കൈവശം വെയ്ക്കുന്ന മേഖലകളാണ് ഇത്. യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനയായാണ് പുടിന്‍ ഈ ആവശ്യം ഉന്നയിക്കുന്നത്.