ഇംഗ്ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നത് താങ്ങാന്‍ കഴിയാത്ത വിധത്തില്‍ നിരക്ക് വര്‍ദ്ധിച്ചതോടെ അസാധ്യമായി മാറുന്നു. രാജ്യത്ത് വാടകക്കാര്‍ക്ക് ശരാശരി വരുമാനത്തിന്റെ 36.3% വാടക ചെലവുകള്‍ക്കായി മാറ്റിവെയ്‌ക്കേണ്ടി വരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ ഈ നിരക്ക് 41.6% വരെ ഉയരുന്നു.
മധ്യവരുമാനത്തിലുള്ള ആളുകള്‍ക്ക് 2024 വര്‍ഷം ഇംഗ്ലണ്ടില്‍ ഒരു വാടക വീട് ലഭിക്കാന്‍ വരുമാനത്തിന്റെ 36.3% ചെലവാക്കേണ്ടി വന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ലെ 34.2 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ദ്ധന.
വരുമാനത്തിന്റെ 30% വരെ താങ്ങാന്‍ കഴിയുന്ന വാടകയായി ഒഎന്‍എസ് കണക്കാക്കുന്നു. എന്നാല്‍ ഇതും മറികടന്ന് വാടക നിരക്ക് കുതിക്കുന്നത് താങ്ങാന്‍ കഴിയാത്ത നിലയിലേക്കാണ് എത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ വാടക നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണം അനിവാര്യമാണെന്ന ആവശ്യം ശക്തമാകുകയാണ്.
ലണ്ടനിലാണ് ഒട്ടും താങ്ങാന്‍ കഴിയാത്ത വാടക നിരക്കുള്ളത്, പ്രതിമാസം 1957 പൗണ്ട്. ഇത് കണക്കാക്കിയാല്‍ വരുമാനത്തിന്റെ 41.6 ശതമാനമാണ് ഇവിടെ ജനങ്ങള്‍ക്ക് ഒരു താമസസ്ഥലം ലഭിക്കാന്‍ ചെലവാക്കേണ്ടി വരുന്നത്.
താങ്ങാന്‍ കഴിയാത്ത വാടകയുള്ള ടോപ്പ് 10 സ്ഥലങ്ങളും ലണ്ടനിലാണ്. കെന്‍സിംഗ്ടണ്‍ & ചെല്‍സിയാണ് ഇതില്‍ ഒന്നാമത്. ലണ്ടനിലെ 32 കൗണ്‍സില്‍ പ്രദേശങ്ങളും ഒഎന്‍എസിന്റെ 30% അഫോര്‍ഡബിളിറ്റി പരിധിക്ക് മുകളിലാണ്. ലണ്ടന് പുറത്ത് താങ്ങാന്‍ കഴിയാത്ത വാടക ഈടാക്കുന്നതില്‍ ബ്രിസ്റ്റോളാണ് ഒന്നാമത്- 44.6%. ഇംഗ്ലണ്ടില്‍ വരുമാനത്തേക്കാള്‍ വേഗത്തില്‍ വാടക വര്‍ദ്ധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.