ഇംഗ്ലണ്ടിലും, വെയില്‍സിലും പൊട്ടിപ്പാളീസാകുന്ന ബിസിനസ്സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. റേച്ചല്‍ റീവ്‌സിന്റെ ബജറ്റാണ് ഈ ഗതിക്ക് കാരണമായതെന്ന് വിദഗ്ധര്‍ ആരോപിക്കുന്നു. ജൂലൈ മാസത്തില്‍ 2081 കമ്പനികളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് ഇന്‍സോള്‍വന്‍സി സര്‍വ്വീസിന്റെ ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു.
ജൂണ്‍ മാസത്തില്‍ നിന്നും 1% വര്‍ദ്ധനവാണിത്. ജൂണിനെ അപേക്ഷിച്ച് നിര്‍ബന്ധിതമായി പാപ്പരായ കമ്പനികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 11% വര്‍ദ്ധനവാണ് 2024-നെ അപേക്ഷിച്ച് ഈ നിരക്കിലുള്ളത്. ബ്രിട്ടനിലെ ഹൈസ്ട്രീറ്റുകള്‍ക്ക് മറ്റൊരു തിരിച്ചടിയായി ആക്‌സസറീസ് വമ്പന്‍ ക്ലെയര്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങിയിരുന്നു.
ഹോബിക്രാഫ്റ്റ്, ക്വിസ് ക്ലോത്തിംഗ്, സെലെക്ട് ഫാഷന്‍, ഡബ്യുഎച്ച് സ്മിത്ത് എന്നിങ്ങനെ ബ്രാന്‍ഡുകളും നഷ്ടത്തിലാകുകയോ, അടച്ചുപൂട്ടുകയോ ചെയ്യുന്ന നിലയിലാണ്. ആയിരത്തിലേറെ പബ്ബുകളും, റെസ്റ്റൊറന്റുകളുമാണ് ഒക്ടോബറില്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ബജറ്റിന് ശേഷം അടച്ചുപൂട്ടിയത്.
കൂടുതല്‍ യുകെ കമ്പനികള്‍ ഈ പ്രതിസന്ധി നേരിടുകയാണെന്ന് ഇവൈ-പാര്‍തിനോണ്‍ വ്യക്തമാക്കുന്നു. കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ ഉണ്ടായാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് പല സ്ഥാപനങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചാന്‍സലറുടെ ബജറ്റില്‍ പ്രഖ്യാപിച്ച 15 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്ക് എംപ്ലോയേഴ്‌സിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്.
കൂടാതെ നാഷണല്‍ ലിവിംഗ് വേജ് 12.21 പൗണ്ടാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് റേറ്റ് കൂടി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇതിനൊന്നും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. എന്നുമാത്രമല്ല കൂടുതല്‍ നികുതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.