പ്രണയം അവസാനിപ്പിച്ച ശേഷവും ടോയ്‌ലെറ്റില്‍ തന്റെ വസ്തുക്കള്‍ ഉപയോഗിച്ച മുന്‍ പങ്കാളിക്കെതിരെ പകരംവീട്ടിയ നഴ്‌സിനെ ജയിലിലേക്ക് അയയ്ക്കാതെ കോടതി. കണ്ടീഷനര്‍ ബോട്ടിലില്‍ ഹെയര്‍ റിമൂവല്‍ ക്രീം രഹസ്യമായി കലര്‍ത്തിവെച്ചാണ് നഴ്‌സ് ദേഷ്യം പ്രകടിപ്പിച്ചത്.
34-കാരിയായ കെയ്റ്റ് അതേര്‍ടണ്‍ കണ്ടീഷനറിന്റെ പകുതി കാലിയാക്കിയ ശേഷമാണ് ഇതില്‍ വീറ്റ് ഹെയര്‍ റിമൂവല്‍ ക്രീം നിറച്ചത്. എന്നാല്‍ ഇത് അറിയാതെ കണ്ടീഷനറെന്ന് കരുതി ഉപയോഗിച്ച മുന്‍ പങ്കാളിയുടെ മുടി കൊഴിയാന്‍ തുടങ്ങി. പല സ്ഥലത്തായി മുടി പോയതോടെ ഇത് വടിച്ച് കളയേണ്ടി വരുമെന്ന നിലയിലായെന്ന് ഇവര്‍ കോടതിയില്‍ വെളിപ്പെടുത്തി.
എന്നാല്‍ തന്റെ പദ്ധതിയെ കുറിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളാണ് അതേര്‍ടണെ കുടുക്കിയത്. പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി വിചാരണയില്‍ ഈ സന്ദേശങ്ങള്‍ കേള്‍പ്പിച്ചു. തന്റെ പ്രിയപ്പെട്ട റിച്വല്‍ ടോയ്‌ലെറ്റ് വസ്തുക്കള്‍ മുന്‍ പങ്കാളി തുടര്‍ന്നും ഉപയോഗിക്കുന്നതിലെ അസ്വസ്ഥത ഇവര്‍ ഇതില്‍ വെളിപ്പെടുത്തി.
ഇതോടെ താന്‍ കണ്ടീഷനറില്‍ പകുതി ഒഴിവാക്കി ഇതില്‍ ഹെയര്‍ റിമൂവല്‍ ക്രീം ഒഴിച്ചെന്നും ഇവര്‍ പറയുന്നുണ്ട്. മുടി പോകുമെന്ന് ഉറപ്പാണെന്നും അതേര്‍ടണ്‍ വ്യക്തമാക്കുന്നു. നാല് വര്‍ഷത്തോളം അതേര്‍ടണുമായി പ്രണയത്തിലായിരുന്ന യുവതിയാണ് ഇതിന് ഇരയായത്. മുടിയുടെ കട്ടി കുറച്ച് പല ഭാഗത്തും കൊഴിഞ്ഞു. ഇതോടെ ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിക്കേണ്ട അവസ്ഥയായെന്ന് ഇര വെളിപ്പെടുത്തി.
ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത് സാധാരണ കാര്യമാണെന്നും, അതിന്റെ പേരില്‍ ഇത്തരം തെറ്റ് ചെയ്യുന്നത് സാധാരണമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. റോയല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്ററിലെ സ്‌പെഷ്യലിസ്റ്റ് റെസ്പിറേറ്ററി നഴ്‌സാണ് അതേര്‍ടണ്‍. 12 മാസത്തെ ജയില്‍ ശിക്ഷ 18 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കുകയാണ് കോടതി ചെയ്തത്. 250 മണിക്കൂര്‍ വേതനരഹിത ജോലിയും, 20 ദിവസം റിഹാബും, 1500 പൗണ്ട് നഷ്ടപരിഹാരവും നല്‍കണം.